കൊച്ചി: തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴ തുടരുന്നു.എറണാകുളം ജില്ലയില്‍ അതിശക്തമായ മഴയാണ് പെയ്യുന്നത്. കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിലെ പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കൊച്ചി എം.ജി. റോഡ്, സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍,നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ റോഡുകള്‍, കലൂര്‍ ബസ് സ്റ്റാന്‍ഡ്, കലൂര്‍ സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷം. ബസുകള്‍ മാത്രമാണ് പലയിടത്തും റോഡുകളിലൂടെ സഞ്ചരിക്കുന്നത്. എം.ജി. റോഡിലെ പലകടകളിലും വെള്ളം കയറി. എറണാകുളം സൗത്തിലെ റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ പല ട്രെയിനുകളും വിവിധ സ്‌റ്റേഷനിലുകളായി പിടിച്ചിട്ടിരിക്കുകയാണ്.തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്.ഇവരുടെ യൂണിഫോം ഉള്‍പ്പെടെ ഒഴുകിപ്പോയതായും റിപ്പോര്‍ട്ടുണ്ട്.കലൂര്‍ സബ് സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവിടെ നിന്നുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കൊച്ചി ചുള്ളിക്കല്‍ ഭാഗത്ത് വീടുകളില്‍ വെള്ളം കയറി.ജില്ലയില്‍ മഴ ശക്തമായി തുടരുന്നത് ഉപതിരഞ്ഞെടുപ്പിലെ പോളിങിനെയും ബാധിച്ചിട്ടുണ്ട്. രണ്ടിടത്ത് പോളിങ് ബൂത്തുകള്‍ മാറ്റിസ്ഥാപിച്ചു. അയ്യപ്പന്‍കാവ് ശ്രീനാരായണ സ്‌കൂളിലെ മൂന്ന് ബൂത്തുകള്‍ മാറ്റിസ്ഥാപിച്ചു. കഠാരിബാഗിലെ ബൂത്തിലും കേന്ദ്രീയ വിദ്യാലയത്തിലെ നാല് ബൂത്തുകളിലും വെള്ളം കയറി.എറണാകുളം നോര്‍ത്ത്, സൗത്ത് റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ ഇതുവഴിയുള്ള ട്രെയിന്‍ സര്‍വീസ് തല്‍ക്കാലത്തേക്കു നിര്‍ത്തിവച്ചിട്ടുണ്ട്. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതിനാല്‍ മഴ ശക്തമാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരാനാണ് സാധ്യത.