തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും.ഒക്ടോബര്‍ 21 നാണ് വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങള്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒരു മാസമായി നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്ന് അവസാനമാകുന്നത്.രാവിലെ മുതല്‍ വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് സ്ഥാനാര്‍ഥികള്‍ പര്യടനം നടത്തും.വൈകീട്ട് പ്രമുഖരെ അണിനിരത്തിയുള്ള റോഡ്ഷോകളോടു കൂടിയാണ് പ്രചാരണത്തിന്റെ കലാശക്കൊട്ട്.
ത്രികോണ മത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളില്‍ ആവേശകരമായ പ്രചാരണമാണ് മൂന്നു മുന്നണികളും നടത്തുന്നത്. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹനകുമാര്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത്, എന്‍ഡിഎ സ്ഥാനാര്‍ത്ഥി എസ് സുരേഷ് എന്നിവരാണ് മത്സരരംഗത്തുള്ളത്. എന്‍എസ്എസ്-സിപിഎം നേര്‍ക്കുനേര്‍ നില്ക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. യുഡിഎഫിനായി എന്‍എസ്എസ് പരസ്യമായി പ്രചാരണത്തിന് ഇറങ്ങിയത് എല്‍ഡിഎഫ്, എന്‍ഡിഎ ക്യാമ്പുകളിൽ വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. കോന്നിയില്‍ യുഡിഎഫില്‍ നിന്ന് കെ മോഹന്‍രാജന്‍, എല്‍ഡിഎഫില്‍ നിന്ന് കെ യു ജനീഷ് കുമാര്‍, എന്‍ഡിഎയില്‍ നിന്ന് കെ സുരേന്ദ്രന് എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.ശബരിമല തന്നെയാണ് കോന്നിയില്‍ പ്രധാന ചര്‍ച്ചാവിഷയം.അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനി മോള് ഉസ്മാന്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കല്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖര്‍.എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയി യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി ജി രാജഗോപാല്‍ എന്നിവര്‍ വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ്.ബഹുഭാഷ മണ്ഡലമായ മഞ്ചേശ്വരത്ത് വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എംസി ഖമറുദ്ദീന്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ, എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ എന്നിവരാണ് മത്സരരംഗത്തുള്ളവര്‍. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 86 വോട്ടുകളുടെ നഷ്ടത്തിലാണ് മണ്ഡലം നഷ്ടപ്പെട്ടത്. രണ്ടാം സ്ഥാനത്തുനിന്ന് ഒന്നാം സ്ഥാനത്തേക്ക് എത്താനുള്ള ശ്രമത്തിലാണ് ബിജെപി.