തിരുവനന്തപുരം:ഉപയോക്താക്കള്‍ക്ക് വൈദ്യുതിക്കു പുറമേ ഇനി ഇന്റര്‍നെറ്റ് കണക്ഷനും കെ.എസ്.ഇ.ബി. ലഭ്യമാക്കും. ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന് സൗജന്യമായി നല്കുന്ന കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് (കെ-ഫോണ്‍) പദ്ധതി സംസ്ഥാന ഐ.ടി.ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡും (കെ.എസ്.ഐ.ടി.ഐ.എല്‍ ) വൈദ്യുതിബോര്‍ഡും സഹകരിച്ചാണു നടപ്പാക്കുന്നത്. 1,028 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി അടുത്തവര്‍ഷം പകുതിയോടെ യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷ.20 ലക്ഷത്തോളം വരുന്ന ബി.പി.എല്‍. കുടുംബങ്ങള്‍ക്കും മുപ്പതിനായിരത്തോളം സര്‍ക്കാര്‍ ഓഫീസുകളിലും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതാണ് പദ്ധതി.സാമ്പത്തികമായി പിന്നോക്കമുള്ള 20 ലക്ഷം വീട്ടിലാണ് സൗജന്യ ഇന്റര്‍നെറ്റ് നല്‍കുക. മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും.വീടുകളില്‍ ഫോണിനും ഇന്റര്‍നെറ്റിനുമൊപ്പം ആവശ്യമെങ്കില്‍ കേബിള്‍ ടിവിയും ലഭ്യമാകും. കേബിള്‍ കടന്നുപോകുന്ന 2800 കിലോമീറ്റര്‍ സ്ഥലത്തിന്റെയും 29,000 ഓഫീസുകളുടെയും സര്‍വേ പൂര്‍ത്തിയായി. 52,746 കിലോമീറ്റര്‍ കേബിള്‍ കെഎസ്ഇബിയുടെ 40 ലക്ഷത്തിലേറെയുള്ള പോസ്റ്റുകളിലൂടെ എത്തിക്കും. നവംബറില്‍ വൈദ്യുതി പോസ്റ്റുകള്‍ വഴി ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിച്ചു തുടങ്ങും.സംസ്ഥാനത്ത് 2000 വൈഫൈ ഹോട്ട് സ്പോട്ടുകള്‍ സ്ഥാപിക്കും. വൈഫൈ ഹോട്ട് സ്പോട്ട് സ്ഥാപിക്കേണ്ടതിന്റെ പട്ടിക കലക്ടര്‍മാര്‍ തയ്യാറാക്കി. ലൈബ്രറികളും പാര്‍ക്കുകളും ബസ് സ്റ്റാന്‍ഡുകളും സര്‍ക്കാര്‍ ഓഫീസുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇതിലുള്‍പ്പെടും. സാങ്കേതിക ഉപകരണങ്ങളും കേബിളുകളും ദക്ഷിണ കൊറിയന്‍ കമ്പനിയാണ് നല്‍കുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡാ(ബിഇഎല്‍)ണ് പദ്ധതിനിര്‍വഹണ ഏജന്‍സി.കെ.ഫോണ്‍ പദ്ധതിയുടെ കണ്ട്രോള് റൂം ആയി പ്രവര്‍ത്തിക്കുന്ന നെറ്റവര്‍ക്ക് ഓപ്പറേറ്റിംഗ് സെന്റര്‍ (നോക്) ആസ്ഥാനം കൊച്ചിയിലായിരിക്കും. നേരത്തെ ആലപ്പുഴയിലെ ചേര്‍ത്തലയില്‍ സ്ഥാപിക്കാനായിരുന്നു തീരുമാനം. ഡിസംബറില്‍ നോക് പ്രവര്‍ത്തനസജ്ജമാക്കും. വീടുകളും ഓഫീസുകളും വിവിധ ശൃംഖലകളാക്കിയാണ് കേബിള്‍ വഴി ബന്ധിപ്പിക്കുന്നത്. ഓരോ ശൃംഖലയും പൂര്‍ത്തിയാകുന്ന മുറയ്ക്ക് സെന്ററു(നോക്ക്)മായി ബന്ധിപ്പിച്ച് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കും.നോക്ക് സജ്ജമാവുന്നതോടൊപ്പം തുടക്കത്തില്‍ ഒന്നോ രണ്ടോ ശൃംഖലകള്‍ കൂടി പൂര്‍ത്തിയാക്കാനാണ് തീരുമാനം. 2020-ല്‍ സംസ്ഥാനത്ത് മുഴുവന്‍ കെ.ഫോണ്‍ ശൃംഖല യാഥാര്‍ഥ്യമാക്കും.