തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത് 50 കോടി രൂപ വിലമതിക്കുന്ന 123 കിലോ സ്വര്‍ണ്ണം. കേരളത്തിലെ കസ്റ്റംസ് സ്വര്‍ണവേട്ടയില്‍ ഇത് ആദ്യമായാണ് ഇത്രയും കിലോ സ്വര്‍ണ്ണം പിടികൂടിയത്.സ്വര്‍ണ്ണത്തിന് പുറമെ രണ്ടുകോടി രൂപയും 1900 യുഎസ് ഡോളറും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്.ജൂലായ് മുതല്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിലെ ഒരു സംഘത്തെ നിരീക്ഷണത്തിനുമാത്രമായി നിയോഗിച്ചുണ്ടായിരുന്നു. സംശയാസ്പദമായി കണ്ടെത്തിയ മുപ്പതോളം ആളുകളുടെ നീക്കങ്ങള്‍ സൂക്ഷ്മമായി പിന്തുടര്‍ന്നതിന് ശേഷമാണ് ഇത്രയും വലിയൊരു സ്വര്‍ണ്ണവേട്ട അധികൃതര്‍ നടത്തിയത്. പിടികൂടിയ സ്വര്‍ണ്ണത്തില്‍ പത്തൊൻപത് കിലോ മാത്രമാണ് കടത്തുന്ന സമയത്ത് പിടികൂടിയത്. ബാക്കിയുള്ളവ വീടുകളില്‍നിന്നും കടകളില്‍ നിന്നുമാണ് കണ്ടെത്തിയത്. ചേര്‍പ്പ്, ഊരകം, വല്ലച്ചിറ, ഒല്ലൂര്‍, മണ്ണുത്തി എന്നിവടങ്ങളിലെ 23 വീടുകളിലാണ് അധികൃതര്‍ പരിശോധന നടത്തിയത്. റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍നിന്ന് 15 കാരിയര്‍മാരെയും അധികൃതര്‍ പിടികൂടിയിട്ടുണ്ട്.