Kerala, News

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത;10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

keralanews chance for heavy rain and thunderstorm in kerala in coming days yellow alert in ten district today

തിരുവനന്തപുരം:സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോഡ് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയുണ്ടാകും.ഉരുള്‍പൊട്ടല്‍ ഭീതിയുള്ള മേഖലകളില്‍ താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശിച്ചു. മഴക്കൊപ്പമുള്ള ഇടിമിന്നല്‍ അപകടം വരുത്തും. ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 വരെയുള്ള സമയങ്ങളിലാണ് ഇടിമിന്നലിന് സാധ്യത. ഈ സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ നില്‍ക്കുന്നവര്‍ ശ്രദ്ധിക്കണം. കുട്ടികളെ തുറസ്സായ ഇടങ്ങളിലോ ടെറസ്സിലോ കളിക്കാന്‍ വിടരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുള്ളവര്‍ക്കും അതോറിറ്റി പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള മാലദ്വീപ്, ലക്ഷദ്വീപ് പ്രദേശങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

Previous ArticleNext Article