India, News

അയോധ്യാ കേസ്;അന്തിമ വാദത്തിനിടെ സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ;ഹിന്ദു മഹാസഭ നൽകിയ പകർപ്പും പേപ്പറുകളും മുതിർന്ന അഭിഭാഷകൻ കീറിയെറിഞ്ഞു

keralanews ayodhya case dramatic scenes in supreme court during final arguments senior lawyer tore copies and papers of hindu mahasabha

ന്യൂഡല്‍ഹി:അയോധ്യക്കേസില്‍ ഇന്ന് അവസാന വാദം നടന്നുകൊണ്ടിരിക്കേ സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍. ഹിന്ദുമഹാസഭയുടെ അഭിഭാഷകന്‍ വികാസ് സിങ് സമര്‍പ്പിച്ച രേഖകള്‍ സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ കോടതിയില്‍ കീറിയെറിഞ്ഞു. അഭിഭാഷകന്‍ വികാസ് സിങ് നല്‍കിയ ഭൂപടവും രേഖകളുമാണ് കീറിയെറിഞ്ഞത്. ഇത്തരം വിലകുറഞ്ഞ രേഖകള്‍ കോടതിയില്‍ അനുവദിക്കരുതെന്നും രാജീവ് ധവാന്‍ പറഞ്ഞു. സംഭവത്തെ രൂക്ഷമായ ഭാഷയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിമര്‍ശിച്ചു.കോടതിയുടെ അന്തസിന് ഇത് കളങ്കമാണെന്നും തങ്ങള്‍ ഇറങ്ങിപ്പോകുമെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.അയോധ്യ റീവിസിറ്റഡ് എന്ന പുസ്തകമാണ് അയോധ്യ രാമജന്മഭൂമിയാണെന്നതിന് തെളിവായി ഹിന്ദുമഹാസഭാ ഹാജരാക്കിയത്. ഇതിനെ എതിര്‍ത്ത ധവാന് അഭിഭാഷകന്‍ ഭൂപടവും പുസ്തകവും കൈമാറുകയായിരുന്നു. ഇത് രണ്ടും കോടതി മുറിയില്‍ വച്ച്‌ സീനിയര്‍ അഭിഭാഷകനായ ധവാന്‍ കീറിയെറിയുകയായിരുന്നു.ഇന്നു വൈകിട്ട് അഞ്ചുമണിയോടെ കേസില്‍ വാദം കേള്‍ക്കല്‍ അവസാനിപ്പിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. വാദം അവതരിപ്പിക്കാൻ കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ട് ഹിന്ദുമഹാസഭ നല്‍കിയ അപേക്ഷ തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇക്കാര്യം അറിയിച്ചത്. മതിയായി എന്നായിരുന്നു, പുതിയ അപേക്ഷയോട് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.ബാബരി മസ്ജിദ് ഭൂമിത്തര്‍ക്ക കേസില്‍ വാദം കേള്‍ക്കാന്‍ ഇന്നത്തേതടക്കം തുടര്‍ച്ചയായി 40 ദിവസമാണ് സുപ്രീംകോടതി വിനിയോഗിച്ചത്.നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് വിരമിക്കുന്ന നവംബര്‍ പതിനേഴിന് കേസില്‍ വിധി പറയുമെന്നാണ് സൂചന. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എസ് .എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് ‌എ നസീര്‍ എന്നിവരാണ് അഞ്ചംഗ ഭരണഘടന ബഞ്ചിലുള്ളത്. തര്‍ക്ക ഭൂമി മൂന്നായി ഭാഗിച്ചുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയായ അപ്പീലുകളാണ് സുപ്രീം കോടതി പരിഗണിച്ചത്.

Previous ArticleNext Article