ന്യൂഡൽഹി: ഡെബിറ്റ് ക്രെഡിറ്റ് കാർഡുകളിൽ വഴി ഇന്ധനം വാങ്ങുമ്പോൾ 1 ശതമാനം ട്രാൻസാക്ഷൻ ചാർജ്ജ് പമ്പ് ഉടമകളുടെ അക്കൗണ്ടിൽ നിന്നും ഈടാക്കാൻ പുതിയ നീക്കം ബാങ്കുകൾ തുടങ്ങിയതിൽ പ്രതിഷേധിച്ച് രാജ്യത്തെ പെട്രോൾ പമ്പുകൾ ജനുവരി 9 മുതൽ ഡെബിറ്റ് ,ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കില്ല. കാർഡുടമയുടെ അക്കൗണ്ടിൽ നിന്നും സർവ്വീസ് ചാർജായി ഭീമമായ തുക ഈടാക്കുന്നതിന് പുറമെയാണ് പുതിയ ട്രാൻസാക്ഷൻ ഫീ പമ്പുടമകളുടെ അക്കൗണ്ടിൽ നിന്നും ഈടാക്കാനുള്ള നീക്കം ബാങ്കുകൾ നടത്തി കൊണ്ടിരിക്കുന്നത്.
കറൻസി രഹിത ഇടപാട് പ്രോത്സാഹിപ്പിക്കുവാൻ കേവലം 0.75 ശതമാനം ഇളവ് കാർഡുടമകൾക്ക് നൽകുകയും മറുഭാഗത്ത് ഇത്തരത്തിലുള്ള അപ്രത്യക്ഷ ചാർജുകൾ കൊണ്ടുവരികയും ചെയ്യുന്നതിന് എതിരായി രാജ്യമാകെ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് ബാങ്കുകളുടെ തീരുമാനത്തിനെതിരെ പമ്പുടമകളുടെ സംഘടന ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് വന്നിരിക്കുന്നത് .കമ്പനികൾ ഏക പക്ഷീയമായി തീരുമാനിക്കുന്ന പരിമിതമായ ലാഭവിഹിതത്തിൽ നിന്നും ഇത്തരം ചാർജുകൾ കൂടി നൽകി മുന്നോട്ട് പോകുവാൻ സാധിക്കില്ലെന്ന് പമ്പുടമകളുടെ സംഘടന ഭാരവാഹികൾ വ്യക്തമാക്കി.