Kerala, News

കൊല്ലം പാരിപ്പള്ളിയിൽ അമ്മയുടെ മർദനമേറ്റ് നാല് വയസ്സുകാരി മരിച്ചു

keralanews four year old girl died mother accused of beating in kollam parippally

കൊല്ലം:പാരിപ്പള്ളിയിൽ അമ്മയുടെ മർദനമേറ്റ് നാല് വയസ്സുകാരി മരിച്ചു.പാരിപ്പള്ളി ചിറയ്ക്കല്‍ സ്വദേശി ദീപുവിന്റെ മകള്‍ ദിയയാണ് മരിച്ചത്. കുഞ്ഞിന്റെ അമ്മ ചെങ്ങന്നൂര്‍ സ്വദേശി രമ്യയെ കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. ആഹാരം കഴിക്കാത്തതിനാണ് അമ്മ കുട്ടിയെ മര്‍ദിച്ചതെന്നാണ് പോലിസിന് ലഭിച്ച പ്രാഥമികവിവരം. ഭക്ഷണം കഴിക്കാത്തതിനു കുട്ടിയെ തല്ലിയതായി പിതൃസഹോദരി ഷൈമയാണ് മൊഴി നല്‍കിയത്. ആദ്യം പാരിപ്പള്ളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുംവഴി നില വഷളായി. ഇതെത്തുടര്‍ന്ന് കഴക്കൂട്ടത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. കുഞ്ഞിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. തലയ്ക്കും പരിക്കേറ്റതായാണ് സൂചന. മരിച്ച ദിയയുടെ കാലില്‍ രക്തം കട്ടപിടിച്ച പാടുകളുണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. ഒരുദിവസം മുൻപ് അടികൊണ്ടതിന്റെ പാടുകളല്ല കുട്ടിയുടെ ദേഹത്തുള്ളത്. ദിവസങ്ങള്‍ പഴക്കമുള്ള മുറിവുകളാണ് കുട്ടിയുടെ ദേഹത്തുണ്ടായിരുന്നത്. കുട്ടിക്ക് പനിയുമുണ്ടായിരുന്നു. പാരിപ്പള്ളിയിലെ ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ അവശനിലയിലായിരുന്ന കുട്ടി കഴക്കൂട്ടത്തെ ആശുപത്രിയിലെത്തിയപ്പോള്‍ രക്തം ഛര്‍ദിച്ചാണ് മരിച്ചത്. അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് വന്നതിനു ശേഷമായിരിക്കും തുടര്‍നടപടിയെന്നും പോലിസ് അറിയിച്ചു.

അതേസമയം കുട്ടിയെ വടി വെച്ച്‌ ഇന്നാണ് അടിച്ചതെന്നാണ് അമ്മ പറയുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു.എന്നാല്‍ ഡോക്ടര്‍മാര്‍ പറയുന്നത് നേരത്തേ മര്‍ദ്ദിച്ചിട്ടുണ്ടെന്നും ശരീരത്തിലെ പാടുകള്‍ക്ക് ഒരു ദിവസത്തെ പഴക്കമുണ്ടെന്നുമാണ്.കുട്ടിയെ യുവതി നല്ല രീതിയിലാണ് നോക്കിയിരുന്നതെന്നും നഴ്‌സ് ആയിരുന്നതുകൊണ്ട് തന്നെ ഈ രീതിയില്‍ മര്‍ദ്ദിക്കും എന്ന വിവരം അറിയില്ലായിരുന്നുവെന്നും ബന്ധു പറഞ്ഞു.അച്ഛനും അമ്മയും ചേര്‍ന്ന് തന്നെയാണ് കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുവന്നതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. കൂടെ ഇളയ കുഞ്ഞുമുണ്ടായിരുന്നു.രണ്ടാമത്തെ കുഞ്ഞിന് രണ്ട് വയസ്സ് മാത്രമേ പ്രായമുള്ളൂ. മൂത്ത കുഞ്ഞാണ് മരിച്ചത്. കുട്ടി മരിച്ചതറിഞ്ഞ് അച്ഛന്‍ ദീപു ബോധരഹിതനായി. തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

 

Previous ArticleNext Article