India, Kerala, News

ഐ.എസ്.ആര്‍.ഒയിലെ മലയാളി ശാസ്ത്രജ്ഞനെ അപ്പാര്‍ട്ട്‌മെന്റില്‍ തലക്കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

keralanews malayalee scientist in isro found dead in apartment in hyderabad

ഹൈദരാബാദ്: ഐ.എസ്.ആര്‍.ഒയിലെ മലയാളി ശാസ്ത്രജ്ഞന്‍ എസ്.സുരേഷിനെ (56) ഹൈദരാബാദിലെ അപ്പാര്‍ട്ട്‌മെന്റില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ ഓഫീസില്‍ എത്താത്തതിനേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാത്രിയോടെയാണ് അദ്ദേഹത്തെ മരിച്ച നിലയിൽ  കണ്ടെത്തിയത്.കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം.ഐ.എസ്.ആര്‍.ഒക്കു കീഴിലുള്ള ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിലെ (എന്‍.ആര്‍.എസ്.സി) ശാസ്ത്രജ്ഞനാണ് സുരേഷ്. അമീര്‍പേട്ടിലെ അന്നപൂര്‍ണ അപ്പാര്‍ട്ട്‌മെന്റില്‍ തനിച്ചാണ് അദ്ദേഹത്തിന്റെ താമസം. ചൊവ്വാഴ്ച സഹപ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നപ്പോള്‍ ചെന്നൈയിലായിരുന്ന ഭാര്യയെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ഭാര്യയും ബന്ധുക്കളും പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി വാതില്‍ കുത്തിത്തുറന്നപ്പോഴാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്.ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. സംഭവ സ്ഥലത്ത് നിന്നും കൃത്യംചെയ്തവരെ കുറിച്ച്‌ സൂചനകള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു.ഭാരമേറിയ വസ്‌തു ഉപയോഗിച്ച്‌ തലയില്‍ അടിയേറ്റതാണ് സുരേഷിന്‍റെ മരണത്തിനിടയാക്കിയതാണെന്നുമാണ് പോലീസ് പറയുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ദരും സംഭവസ്ഥലം സന്ദര്‍ശിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. അപ്പാര്‍ട്ടമെന്‍റിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി സുരേഷ് ഹൈദരാബാദിലുണ്ട്. ഭാര്യ ചെന്നൈയില്‍ ബാങ്ക് ഉദ്യോഗസ്ഥയാണ്.

Previous ArticleNext Article