തൃശ്ശൂര്‍:നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ തൃശൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയും പിതാവുമുള്‍പ്പെടെയുള്ളവരെ തമിഴ്നാട് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റുചെയ്തു.തൃശൂര്‍ സ്വദേശിയും ശ്രീബാലാജി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയുമായ രാഹുല്‍, പിതാവ് ഡേവിഡ് എന്നിവരെയാണ് തമിഴ്നാട് സി.ബി.സി.ഐ.ഡി. അറസ്റ്റു ചെയ്തത്.എസ്.ആര്.എം. മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി പ്രവീണ്‍, അച്ഛന് ശരവണന്, സത്യസായി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനി അഭിരാമി എന്നിവരും ഇവര്‍ക്കൊപ്പം അറസ്റ്റിലായിട്ടുണ്ട്. തേനി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയായ ഉദിത് സൂര്യയില്‍ നിന്നാണ് ആള്‍മാറാട്ട കേസിന്റെ സൂചനകള്‍ ലഭിച്ചത്.
തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ തിരുവനന്തപുരത്തെ കോച്ചിംഗ് സെന്റര്‍ ഉടമ ജോര്‍ജ് ജോസഫാണെന്ന് വ്യക്തമായിട്ടുണ്ട്.ചെന്നൈയിലെ ഇടനിലക്കാര്‍ വഴി ഇരുപത്തിമൂന്ന് ലക്ഷം കൈമാറിയെന്നും എന്നാല്‍ പരീക്ഷ എഴുതിയത് ആരെന്ന് അറിയില്ലെന്നുമാണ് രക്ഷിതാവിന്റെ മൊഴി.തമിഴനാട് അന്വേഷണ സംഘം തൃശൂരിലെത്തുമെന്നും സൂചനയുണ്ട്.കേസിലെ പ്രധാന പ്രതികളായ തേനി മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി ഉദിത് സൂര്യയും പിതാവ് ഡോ.കെ.എസ് വെങ്കടേശും നേരത്തെ അറസ്റ്റിലായിരുന്നു.ഉദിത് സൂര്യയ്ക്ക് പകരമാണ് മറ്റൊരാള്‍ ആള്‍മാറാട്ടം നടത്തി നീറ്റ് പരീക്ഷയെഴുതിയത്. രണ്ടു തവണ പരീക്ഷയില്‍ പരാജയപ്പെട്ട മകനെ എങ്ങനെയെങ്കിലും ഡോക്ടറാക്കാനുള്ള ആഗ്രഹം കൊണ്ടാണ് ആള്‍മാറാട്ടം നടത്തിയതെന്നും പകരം പരീക്ഷയെഴുതിയ ആള്‍ക്ക് പ്രതിഫലമായി 20 ലക്ഷം രൂപ നല്‍കിയതായും ഉദിത് സൂര്യയുടെ പിതാവ് ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ കെ.എസ് വെങ്കടേശ് അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിരുന്നു.