ന്യൂയോർക്:പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്ഖാന് ഐക്യരാഷ്ട്രസഭയിലെ പൊതുസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി ഇന്ത്യ.മനുഷ്യാവകാശങ്ങളെ കുറിച്ചും ഭീകരവാദത്തെ കുറിച്ചും ഇന്ത്യയെ പഠിപ്പിക്കാന്‍ പാകിസ്ഥാന് ഒരു അവകാശവുമില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിദിഷ മൈത്ര പറഞ്ഞു.ഐക്യരാഷ്ട്രസഭയുടെ പട്ടികയിലുള്ള ഭീകരര്‍ പാകിസ്ഥാനിലില്ലെന്ന് ഉറപ്പ് തരാന്‍ ഇമ്രാന് ഖാന് കഴിയുമോ എന്നും വിദിഷ മൈത്ര ചോദിച്ചു. 2001ല്‍ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ച് തകര്‍ത്ത ഒസാമ ബിന്‍ലാദനെ ന്യായീകരിക്കുന്ന വ്യക്തിയാണ് ഇമ്രാന്‍ഖാനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.’ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച പട്ടികയിലുള്ള 130 ഭീകരര്‍ക്കും 25 ഭീകരസംഘടനകള്‍ക്കും താവളം ഒരുക്കുന്ന രാജ്യമാണ് പാകിസ്ഥാന്. ഇവര്‍ പാകിസ്ഥാനിലില്ലെന്ന് ഇമ്രാന് ഖാന് ഉറപ്പ് തരാന്‍ കഴിയുമോ? യു.എന്‍ പട്ടികയിലുള്ള ഭീകരര്‍ക്ക് പാകിസ്ഥാന് പെന്‍ഷന്‍വരെ നല്കുന്നു. പാക് പ്രധാനമന്ത്രി ഭീകരവാദത്തെയും ഒസാമ ബിന്‍ലാദനെയും ന്യായീകരിക്കുന്ന വ്യക്തിയാണ്. പാകിസ്ഥാന് ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു. ജമ്മുകാശ്മീരിലെ വികസന പ്രവര്‍ത്തനങ്ങളുമായി ഇന്ത്യ മുന്നോട്ട് പോകും’-വിദിഷ മൈത്ര പറഞ്ഞു.ജമ്മുകാശ്മീരില്‍ രക്തച്ചൊരിച്ചിലിന് ഇന്ത്യയാണ് പദ്ധതിയിടുന്നതെന്നാണ് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഐക്യരാഷ്ട്ര പൊതുസഭയില്‍ ആരോപിച്ചത്.ന്യൂക്ലിയര്‍ ശക്തികളായ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടായാല്‍ അത് ഇരു രാജ്യങ്ങളുടെയും അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങില്ലെന്നായിരുന്നു ഇമ്രാന്റെ മുന്നറിയിപ്പ്.പ്രസംഗത്തിലുടനീളം കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരായ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു ഇമ്രാന്.