കൊച്ചി: പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ടു പിറവം വലിയപള്ളിക്കുള്ളിലും മുറ്റത്തുമായി നിലയുറപ്പിച്ചിരിക്കുന്ന മുഴുവന്‍ യാക്കോബായ വിഭാഗക്കാരെയും ഉടന്‍ അറസ്റ്റു ചെയ്തു നീക്കണമെന്ന് ഹൈക്കോടതി. ഓര്‍ത്തഡോക്സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്.അറസ്റ്റ് ചെയ്ത് നീക്കി ഉച്ചക്ക് മുന്‍പ് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസ് 1.45ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.പിറവം സെന്റ് മേരീസ് വലിയ പള്ളിയിൽ ഇന്നലെ രാവിലെ ഓർത്തഡോക്സ് വിഭാഗം പ്രാർഥനക്കെത്തിയത് മുതൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കോടതി വിധി നടപ്പിലാകാതെ മടങ്ങില്ലെന്ന നിലപാടിലാണ് ഓർത്തഡോക്സ് വിഭാഗം. യാക്കോബായ സഭ വിശ്വാസികൾ പള്ളിക്കുള്ളിൽ തങ്ങുകയാണ്. തർക്കം തുടരുന്ന സാഹചര്യത്തിൽ യാക്കോബായ വിഭാഗക്കാരായ 67 പേർക്ക് പള്ളിയിൽ പ്രവേശിക്കുന്നതിന് പൊലീസ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയിലെത്തിയത്. വലിയപള്ളിയില്‍നിന്ന് 500 മീറ്റര്‍ അകലെയുള്ള കാതോലിക്കോസ് സെന്ററില്‍നിന്നു പോലീസ് അകമ്പടിയോടെയാണ് ഓര്‍ത്തഡോക്സ് വിഭാഗം എത്തിയത്. ഗേറ്റ് തുറന്ന് ഉള്ളില്‍ പ്രവേശിക്കാന്‍ അനുമതി തേടിയെങ്കിലും പോലീസ് നിസംഗത പാലിക്കുകയായിരുന്നുവെന്ന് ഓര്‍ത്തഡോക്സ് വിഭാഗം പറയുന്നു.കോടതി വിധി പ്രകാരം പള്ളിക്കുള്ളില്‍ പ്രവേശനം ലഭിക്കാതെ മടങ്ങില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഓര്‍ത്തഡോക്സ് വിഭാഗം. ഓര്‍ത്തഡോക്സ് വൈദികര്‍ക്കും വിശ്വാസികള്‍ക്കും പള്ളിയില്‍ പ്രവേശിച്ച് ആരാധന നടത്താന്‍ സംരക്ഷണം നല്‍കാനാണു ഹൈക്കോടതി ഉത്തരവ്.