കൊച്ചി:മരട് ഫ്ലാറ്റ് വിഷയത്തിൽ നിലപാട് ശക്തമാക്കി സർക്കാർ.നാല് ഫ്ളാറ്റുകളിലേക്കുള്ള വൈദ്യുതിയും വെള്ളവും മൂന്ന് ദിവസത്തിനകം വിച്ഛേദിക്കും.ഇക്കാര്യം ആവശ്യപ്പെട്ട് നഗരസഭ കെ.എസ്.ഇ.ബിക്കും വാട്ടര്‍ അതോറിറ്റിക്കും കത്ത് നല്കി.തദ്ദേശ സ്വയം ഭരണവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് നഗരസഭ കെ.എസ്.ഇ.ബിക്കും ജല അതോറിറ്റിക്കും കത്ത് നല്‍കിയത്. മൂന്ന് ദിവസത്തിനുള്ളില്‍ ഫ്ലാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും വിച്ഛേദിക്കണമെന്നാണ് കത്തിലെ ആവശ്യം. ഇവിടേക്കുള്ള പാചകവാതക വിതരണം നിര്‍ത്തിവെക്കാന്‍ വിതരണക്കമ്പനികളോടും ആവശ്യപ്പെടും.അതേ സമയം ഫ്ളാറ്റുകള്‍ ഒഴിപ്പിക്കുന്നതും പൊളിച്ച് നീക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളില്‍ നിന്നും മുനിസിപ്പല്‍ സെക്രട്ടറിയെ മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഫോര്‍ട്ട് കൊച്ചി സബ് കളക്ടറായ സ്നേഹില്‍ കുമാര്‍ സിംഗ് ഐഎഎസി ന് മുനിസിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കിക്കൊണ്ട് ചൊവ്വാഴ്ച വൈകീട്ടോടെ ജോയിന്റ് സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്. ഫ്ളാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിന്റെ തലയില്‍ കെട്ടി വെച്ച് ഒഴിഞ്ഞ് മാറാന്‍ മരട് നഗരസഭാ ശ്രമിച്ചു കൊണ്ട് ഇരിക്കവെ ആണ് സര്‍ക്കാരിന്റെ നടപടി.മരട് ഫ്ലാറ്റ് പൊളിക്കലിലെ കോടതി ഉത്തരവ് പാലിക്കാത്തതിന്റെ പേരില്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി സുപ്രിം കോടതി ശകാരിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടന്നത്.