Kerala, News

മരട് ഫ്ലാറ്റ് വിവാദം;ഫ്ലാറ്റുകള്‍ ഒഴിയണമെന്ന നഗരസഭാ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

keralanews marad flat controversy high court rejected the petition submitted by flat owners questioning the notice of municipality to vacate the flat

കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ ഒഴിയണമെന്ന നഗരസഭാ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഫ്ലാറ്റുകള്‍ പൊളിയ്ക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഹര്‍ജിയും രാജ്യത്തെ മറ്റൊരു കോടതിയും പരിഗണിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. നിയമ ലംഘനം നടത്തുന്നവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് മരട് വിധി എന്ന് ഹൈക്കോടതി വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവിനെ കുറിച്ച്‌ അറിവില്ലേയെന്നും ഹൈക്കോടതി ഹര്‍ജിക്കാരോട് ആരാഞ്ഞു. നഷ്ടപരിഹാരം ആവശ്യമെങ്കില്‍ ഫ്ലാറ്റ് ഉടമകള്‍ക്ക് നിര്‍മാതാക്കളെ സമീപിക്കാമെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി അറിയിച്ചു. ഫ്ലാറ്റുകള്‍ ഒഴിപ്പിക്കുന്നതില്‍ മരട് നഗരസഭയുടെ നിലപാട് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.അതേസമയം സുപ്രീംകോടതി നിയോഗിച്ച സമിതി റിപ്പോര്‍ട്ട് പ്രകാരമാണെങ്കില്‍ മരടിലെ ആയിരത്തിലധികം നിര്‍മ്മാണ പ്രവൃത്തികള്‍ അനധികൃതമാണെന്നും ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കണമെന്നും ഫ്‌ലാറ്റുടമകള്‍ ആവശ്യപ്പെട്ടു.ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികളുടെ ഭാഗമായി 5 ദിവസത്തിനകം ഫ്ലാറ്റുകൾ ഒഴിയണമെന്ന് നിര്‍ദേശിച്ച്‌ നഗരസഭ ഇക്കഴിഞ്ഞ 10നാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഫ്ലാറ്റൊഴിയില്ലെന്ന് നിലപാടെടുത്ത താമസക്കാര്‍ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Previous ArticleNext Article