തിരുവനന്തപുരം:ആനക്കൊമ്പ് കേസില്‍ നടൻ മോഹന്‍ലാലിനെതിരെ വനംവകുപ്പിന്‍റെ കുറ്റപത്രം.വന്യജീവി സംരക്ഷണ നിയമം മോഹന്‍ലാല്‍ ലംഘിച്ചു എന്ന് കണ്ടെത്തിയ വനംവകുപ്പ് കുറ്റപത്രം പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. ആനക്കൊമ്പ് കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും വന്യജീവി സംരക്ഷണനിയമപ്രകാരം കുറ്റകരമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മോഹന്‍ലാലിനെതിരെ കേസെടുത്ത് ഏഴുവര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത് എന്നതും ശ്രദ്ധേയമാണ്. നേരത്തെ ഏഴ് വര്‍ഷത്തിന് ശേഷവും കേസ് തീര്‍പ്പാക്കാത്തതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. എന്തുകൊണ്ടാണ് കാലതാമസമെന്നും വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസ് എന്തുകൊണ്ട് തീർപ്പാക്കിയില്ലെന്നും ചോദിച്ച ഹൈക്കോടതി പെരുമ്പാവൂർ മജിസ്ട്രേട്ടിനോട് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെടുകയുണ്ടായി. ഇതേത്തുടര്‍ന്നാണു തിടുക്കത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.2012 ജൂണിലാണ് രഹസ്യ വിവരത്തെ തുടർന്ന് ആദായനികുതി വകുപ്പ് മോഹന്‍ലാലിന്‍റെ തേവരയിലുള്ള വീട്ടില്‍ നടത്തിയ റെയ്‌ഡിൽ നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്.ആനക്കൊമ്പുകള്‍ 65,000 രൂപ കൊടുത്ത് വാങ്ങിയെന്നായിരുന്നു മോഹന്‍ലാലിന്‍റെ വിശദീകരണം.ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസൻസിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.