റിയാദ്: 2016ല്‍ സൗദി അറേബ്യ 153 പേരുടെ വധശിക്ഷ നടപ്പിലാക്കി. എ എഫ് പി പുറത്തുവിട്ട റിപോർട്ടിലാണ് കണക്ക് വെളിപ്പെടുത്തിയത്. 2015ല്‍ 158 പേരെ വധശിക്ഷയ്ക്ക് ഇരയാക്കിയെന്നാണ് ഇന്റര്‍നാഷണല്‍ ആംനെസ്റ്റി നല്‍കുന്ന വിവരം.
എന്നാൽ സൗദിയെ കവച്ചു വെക്കുന്ന രണ്ട് രാജ്യങ്ങളാണ് ഇറാനും പാക്കിസ്ഥാനും. സൗദിക്ക് മൂന്നാം സ്ഥാനമാണുള്ളത്. കൊലപാതകം, മയക്കുമരുന്ന് കടത്ത്, ആയുധങ്ങള്‍ ഉപയോഗിച്ചുള്ള മോഷണം, ലൈംഗീക പീഡനങ്ങള്‍ എന്നീ തെറ്റുകൾക്കാണ് സൗദിയില്‍ വധശിക്ഷ നൽകുന്നത്.
അതേസമയം ഏറ്റവും കൂടുതല്‍ പേരെ വധശിക്ഷയ്ക്ക് ഇരയാക്കുന്ന രാജ്യം ചൈനയാണെന്നാണ് അനൗദ്യോഗീക കണക്ക്. എന്നാല്‍ വധശിക്ഷയുടെ കണക്കുകള്‍ ചൈന അതീവ രഹസ്യമായി സൂക്ഷിക്കുന്നതുകൊണ്ട് വിവരങ്ങള്‍ ലഭ്യമല്ല.
2016ല്‍ 47 പേരുടെ വധശിക്ഷ ഒരുമിച്ച് നടപ്പിലാക്കി സൗദി അറേബ്യ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഭീകരവാദത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തവരെയായിരുന്നു അന്ന് വധിച്ചത്.ഷിയ പുരോഹിതനായ നിമിര്‍ അല്‍ നിമിറിനെയും മറ്റ് 46 പേരേയുമാണ് അന്ന് സൗദി വധിച്ചത്.ഇവരില്‍ ഭൂരിഭാഗവും അല്‍ ഖ്വയ്ദയുമായി ബന്ധമുള്ളവരായിരുന്നു.