തിരുവനന്തപുരം:ഹൈഡ്രജന്‍ ഇന്ധനമാക്കിയ കാര്‍ ആദ്യമായി ഇന്ത്യയില്‍ ഓടിക്കുന്നതിനു വഴിയൊരുക്കാന്‍ കേരളം. ടൊയോട്ടയുടെ ‘മിറായി’ എന്ന കാര്‍ കേരളത്തിലെ നിരത്തുകളില്‍ ഓടിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.കഴിഞ്ഞ ദിവസം ടൊയോട്ടയുടെ ബെംഗളൂരുവിലെ കേന്ദ്രത്തിലെത്തി കേരള ഉദ്യോഗസ്ഥര്‍ വാഹനം ടെസ്റ്റ് ഡ്രൈവ് നടത്തി. ജൂണില്‍ കൊച്ചിയില്‍ നടത്തിയ ‘ഇവോള്‍വ്’ ഉച്ചകോടിയില്‍ ടൊയോട്ട അധികൃതരുമായി കേരളം നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് നടപടികളെന്ന് ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ പറഞ്ഞു. ജ്യോതിലാലും വാഹനം ടെസ്റ്റ് ഡ്രൈവ് നടത്തിയിരുന്നു.ഫ്യൂവല്‍ സെല്‍ ഘടകങ്ങള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ കേരളത്തിലെ ഏതെങ്കിലും പൊതുമേഖല കമ്പനികളുമായി ടൊയോട്ട പങ്കുവച്ചാല്‍ കാറിന്റെ വില കുറയ്ക്കാനാകുമെന്നാണു പ്രതീക്ഷ.വാഹനം സംസ്ഥാനത്തെ നിരത്തിലിറക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതിക്കായി കേരളം അപേക്ഷ നല്‍കിയിട്ടുണ്ട്. കൊച്ചി, കൊല്ലം, അഴീക്കല്‍, വിഴിഞ്ഞം തുടങ്ങിയ തുറമുഖങ്ങളില്‍ ഹൈഡ്രജന്‍ എത്തിച്ച് തുടര്‍ന്നു പൈപ്പുകള്‍ സ്ഥാപിച്ചു ഡിസ്പെന്‍സിങ് യൂണിറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനെക്കുറിച്ചു കൊച്ചിന്‍ റിഫൈനറിയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കൊച്ചി റിഫൈനറിയുടെ പ്രതിനിധികളും കാറിന്റെ പ്രകടനം വിലയിരുത്തി.2014 ല്‍ ജപ്പാനിലാണ് വാഹനം ആദ്യമായി അവതരിപ്പിച്ചത്. യുഎസിലും യൂറോപ്പിലും ഉള്‍പ്പെടെ ഇതുവരെ പതിനായിരത്തോളം കാറുകള്‍ വിറ്റു. 4 പേര്‍ക്കു യാത്ര ചെയ്യാന്‍ കഴിയുന്ന ഇടത്തരം സെഡാന്‍ ആണിത്. 60,000 ഡോളര്‍ (42.6 ലക്ഷം രൂപ) ആണ് വില. ഇലക്‌ട്രിക് മോട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ഉപയോഗിക്കുന്നു എന്നതാണു സാധാരണ ഇലക്‌ട്രിക് – ഹൈബ്രിഡ് കാറുകളുമായുള്ള വ്യത്യാസം. പുകയ്ക്കു പകരം വെള്ളമാകും ഇവ പുറന്തള്ളുക. 140 കിലോമീറ്റര്‍ വരെ വേഗം കിട്ടും. ഫുള്‍ ടാങ്ക് ഇന്ധനം കൊണ്ട് 500 കിലോമീറ്റര്‍ ഓടാന്‍ ശേഷിയുണ്ട്.