Kerala, News

സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും കർശന വാഹനപരിശോധന

keralanews strict vehicle inspection in the state from tomorrow

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും വാഹന പരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പും പോലീസും തീരുമാനിച്ചു. ഓണം പ്രമാണിച്ച്‌ സര്‍ക്കാര്‍ നിയമത്തില്‍ അയവ് വരുത്തിയിരുന്നു.എന്നാല്‍, ചട്ടലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കില്ലെന്നും, ചട്ടലംഘനങ്ങളുടെ വിശദാംശങ്ങള്‍ കോടതിയെ അറിയിക്കുക മാത്രമേ ചെയ്യൂ എന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.എട്ട് ഇനങ്ങളിൽ പിഴത്തുക പകുതിയാക്കിയ മണിപ്പൂർ മാതൃക പിന്തുടരുന്ന കാര്യവും സംസ്ഥാനസർക്കാർ പരിഗണിക്കുന്നുണ്ട്. നിയമം നടപ്പാക്കുന്നതിലെ തുടർനടപടികൾ തീരുമാനിക്കാൻ ശനിയാഴ്ച മുഖ്യമന്ത്രി ഉന്നതതലയോഗം വിളിക്കും.മോട്ടോർ വാഹനനിയമഭേദഗതിയിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തൽക്കാലം ഓണക്കാലത്തേക്ക് മാത്രം വാഹനപരിശോധന നിർത്തി വയ്ക്കുകയും ഉയർന്ന പിഴ തൽക്കാലം ഈടാക്കേണ്ടെന്നും സംസ്ഥാനസർക്കാർ തീരുമാനമെടുത്തത്. വൻതുക പിഴയായി ഈടാക്കുന്ന നിയമഭേദഗതിക്കെതിരെ ബിജെപിയുൾപ്പടെ ഭരിക്കുന്ന സംസ്ഥാനങ്ങൾ കനത്ത പ്രതിഷേധം അറിയിച്ചതോടെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് കേന്ദ്രസർക്കാർ ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് നിലപാടിൽ മലക്കം മറിഞ്ഞു. ഈ സാഹചര്യത്തിൽ ഇനി എന്തുവേണമെന്ന് തീരുമാനിക്കാനാണ് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുൾപ്പടെ പങ്കെടുക്കുന്ന ഉന്നതതലയോഗം ശനിയാഴ്ച വിളിച്ചു ചേർക്കാനിരിക്കുന്നത്.മോട്ടോർവാഹന നിയമലംഘനങ്ങൾക്ക് അമിത പിഴ ഈടാക്കുന്നത് കേന്ദ്രനിയമമാണെങ്കിലും സംസ്ഥാനങ്ങൾക്കും ഇടപെടാൻ അനുമതി നൽകിയിട്ടുണ്ട്. പിഴത്തുക പരിശോധകർക്ക് നേരിട്ട് നൽകുകയോ മോട്ടോർ വാഹന വകുപ്പിന്‍റെ ഓഫീസിൽ അടയ്ക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് സർക്കാരിന് ഇടപെടാൻ അനുവാദമുളളത്.കുറഞ്ഞ തുകയ്ക്ക് തൊട്ടുമുകളിലുളള തുക പിഴയായി നിജപ്പെടുത്തുന്നതാണ് ആലോചിക്കുന്നത്. അതായത് അമിത വേഗത്തിൽ വാഹനമോടിച്ചാൽ പിഴ 1000 മുതൽ 2000 വരെയാണ്. പിടിക്കപ്പെടുന്നവർ നേരിട്ട് പണമടയ്ക്കുകയാണെങ്കിൽ 1100 രൂപ ഈടാക്കുന്ന രീതിലാകും മാറ്റം.മദ്യപിച്ച് വാഹനമോടിക്കുന്നതിനുളള പിഴ കുറയ്ക്കില്ല. 10000 രൂപയാണ് മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴയായി ഈടാക്കുന്നത്.

Previous ArticleNext Article