ബെംഗളൂരു:ദേശീയ പാത 766ലെ രാത്രിയാത്രാ നിരോധനം പകല്‍ സമയത്തേക്ക് കൂടി നീട്ടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.രാത്രിയാത്ര നിരോധനക്കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ഹുന്‍സൂര്‍-ഗോണിക്കുപ്പ ബദല്‍ റോഡ് ദേശീയപാതയായി വികസിപ്പിക്കുന്നതിന്റെ സാധ്യത സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനോട് സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെട്ടതാണ് ആശങ്കകള്‍ക്ക് കാരണം. ഈ റിപ്പോര്‍ട്ട് അനുകൂലമല്ലെങ്കില്‍ ദേശീയ പാത വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും ഇല്ലാതാകാനാണ് സാധ്യത.സെപ്റ്റംബര്‍ ഏഴിനു കേസ് പരിഗണിച്ച കോടതി സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നാലാഴ്ചത്തെ സമയം കൂടി അനുവദിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള കര്‍ണ്ണാടക സംസ്ഥാന താല്‍പര്യങ്ങള്‍ ഇക്കാര്യത്തില്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്. ബദല്‍പാത ദേശീയപാതയായി വികസിപ്പിച്ചാല്‍ നിലവിലെ ദേശീയപാത 140 കിലോമീറ്റര്‍ ദൂരത്തില്‍ ഇല്ലാതാവും. ഇത് ദേശീയപാതയുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളിലെ സാമ്പത്തിക വാണിജ്യ-പ്രവര്‍ത്തനങ്ങളെയും ലക്ഷക്കണക്കിന് ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും ഗുരുതരമായി ബാധിക്കും.രാത്രിയാത്ര വിഷയത്തില്‍ കേരള, കര്‍ണാട സംസ്ഥാനങ്ങള്‍ക്കു സ്വീകാര്യമായ നിര്‍ദേശം സമര്‍പ്പിക്കുന്നതിനു കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേ സെക്രട്ടറി ചെയര്‍മാനായി വിദഗ്ധ സമിതിയെ സുപ്രീം കോടതി നിയോഗിച്ചിരുന്നു.മേല്‍പ്പാലമുള്‍പ്പെടെയുള്ള സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ സുപ്രീം കോടതി പരിഗണിച്ചിട്ടില്ല. ഇതിനിടെ മുഴുവന്‍ സമയവും അടച്ചിടാനുള്ള സാധ്യത ആരായുകയാണ് ചെയ്തത്.ദേശീയപാതയില്‍ ബന്ദിപ്പുര കടുവാസങ്കേതം പരിധിയില്‍ രാത്രി ഗതാഗതം നിയന്ത്രിച്ച് 2009ല്‍ അന്നത്തെ ചാമരാജ് നഗര്‍ ജില്ലാ ഡപ്യൂട്ടി കമ്മീഷണറാണ് ഉത്തരവിട്ടത് 2010 മാര്‍ച്ച് 13നു കര്‍ണാടക ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇത് ശരിവച്ചു. ഇതിനെതിരെ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.