ന്യൂഡൽഹി:നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ രേഖയാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍. മെമ്മറി കാര്‍ഡ് തൊണ്ടി മുതലാണ്. രേഖയാണെങ്കിലും ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ കൈമാറുന്ന കാര്യത്തിൽ തീരുമാനം വിചാരണക്കോടതിക്ക് വിടണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.മെമ്മറി കാര്‍ഡ് കേസിലെ തൊണ്ടിമുതലാണോ രേഖയാണോ എന്ന് സുപ്രീംകോടതി ഇന്നലെ ചോദിച്ചിരുന്നു. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് തേടി ദിലീപ് നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കവേയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ജസ്റ്റീസ് എ.എന്‍.ഖാന്‍വില്‍ക്കര്‍, അജയ് റോത്തഗി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്.മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ രേഖയാണെങ്കില്‍ അത് കിട്ടാനുള്ള അവകാശം ദിലീപിനുണ്ടെന്ന് പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്താണ് തനിക്ക് എതിരായ രേഖ എന്നതറിയാതെ എങ്ങനെ നിരപരാധിത്വം തെളിയിക്കാനാകും എന്ന് കോടതി ചോദിച്ചു. എന്നാല്‍ മെമ്മറി കാര്‍ഡ് നല്‍കുന്നതിനെ എതിര്‍ക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രതിക്ക് ദൃശ്യങ്ങള്‍ നല്‍കിയാല്‍ അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാനിടയുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. ആക്രമണത്തിനിരയായ നടിയുടെ സുരക്ഷിതത്വത്തെയും സ്വകാര്യതയെയും ഇത് ഗുരുതരമായി ബാധിക്കുന്നതാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.പ്രതിക്ക് മെമ്മറി കാര്‍ഡ് കൈമാറുന്നതിനെ നടിയും ശക്തമായി എതിര്‍ത്തു. മെമ്മറി കാര്‍ഡ് നല്‍കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ദൃശ്യങ്ങള്‍ പ്രതിയ്ക്ക് കൈമാറാതെ, രേഖകള്‍ പരിശോധിക്കാനുള്ള നടപടിക്രമങ്ങള്‍ വേണമെന്നതാണ് നടിയുടെ പ്രധാന ആവശ്യം. അത് തന്റെ സ്വകാര്യതയെ ഒരു തരത്തിലും ബാധിക്കുന്നതുമാകരുതെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്.