അമരാവതി: ആന്ധ്രപ്രദേശ് മുന്‍ സ്പീക്കറും ടിഡിപി നേതാവുമായ കൊടേല ശിവപ്രസാദ റാവുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.തിങ്കളാഴ്ച രാവിലെ സ്വവസതിയിലാണ് അദ്ദേഹത്തെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 72 കാരനായ ശിവപ്രസാദ് റാവു ജഗന് മോഹന്‍ റെഡ്ഡി സര്‍ക്കാരിന്റെ പീഡനങ്ങളെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആറുതവണ എംഎല്‍എയായ ശിവപ്രസാദ റാവു 2014-2019 കാലത്തെ ആന്ധ്രനിയമസഭയില്‍ സ്പീക്കറായിരുന്നു.പ്രഭാത ഭക്ഷണത്തിനു ശേഷം മുറിയില്‍ കയറി വാതിലടച്ച റാവു പുറത്തു വരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോഴാണ് ഇദ്ദേഹത്തെ തൂങ്ങിയ നിലയില്‍ കാണുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു.ജഗന് മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ ശിവപ്രസാദ് റാവുവിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ കേസുകള്‍ എടുത്തിരുന്നു. കേസിൽ കുടുംബാംഗങ്ങള്‍ക്ക് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും അദ്ദേഹം വളരെ വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സ്പീക്കറുടെ ഔദ്യോഗിക വസതിയില്‍ നിന്നും ലാപ്ടോപ്പുകളും ഫര്‍ണീച്ചറുകളും മോഷണം പോയതിന് ശിവപ്രസാദ് റാവുവിന്റെ മകനെതിരെ അടുത്തിടെ കേസെടുത്തിരുന്നു. അധികാരമൊഴിഞ്ഞപ്പോള്‍ നിയമസഭയിലെ ഫര്‍ണിച്ചര്‍ വീട്ടിലേക്ക് കൊണ്ടുപോയെന്നും കൊടേല ശിവപ്രസാദിനെതിരെ ആരോപണമുണ്ടായിരുന്നു.അദ്ദേഹത്തിന്റെ മരണത്തില്‍ രാഷ്ട്രീയ നേതാക്കള്‍ അനുശോചനം അറിയിച്ചു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, ബിജെപി നേതാവ് കൃഷ്ണസാഗര്‍ റാവു എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. ആന്ധ്രപ്രദേശിലെ പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയാണ് ശിവപ്രസാദെന്ന് നേതാക്കള്‍ ആരോപിച്ചു.