Kerala, News

മരടിലെ ഫ്ലാറ്റ് പൊളിക്കൽ;ഒഴിഞ്ഞു പോകുന്നതിനുള്ള സമയപരിധി അവസാനിച്ചു; ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്ന് ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍

keralanews marad flat demolishing deadline to vacate the flats is over flat manufacturers say they wont take responsibility

കൊച്ചി: അനധികൃതമായിനിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകളില്‍ നിന്നും ഒഴിഞ്ഞുപോകുന്നതിനായി ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഗരസഭ നല്‍കിയ നോട്ടീസിലെ സമയപരിധി ഞായറാഴ്ച അവസാനിച്ചു. തീരദേശപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മരടിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഈമാസം ഇരുപതിനകം പൊളിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ഇതോടെ അഞ്ചുദിവസത്തിനുള്ളില്‍ ഫ്‌ളാറ്റ് ഒഴിയാന്‍ നഗരസഭ ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. എന്നാല്‍, ഒഴിയില്ലെന്ന നിലപാടിലുറച്ച്‌ നില്‍ക്കുകയാണ് താമസക്കാര്‍. ഫ്‌ളാറ്റുകള്‍ വിറ്റത് നിയമാനുസൃതമായാണെന്നും തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നും ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ നിലപാടെടുത്തതോടെ ഫ്‌ളാറ്റുടമകള്‍ വലഞ്ഞിരിക്കുകയാണ്. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിങ്, കായലോരം അപാര്‍ട്ട്‌മെന്റ്, ആല്‍ഫ വെഞ്ച്വേഴ്‌സ് എന്നീ നിര്‍മ്മാതാക്കള്‍ മരട് നഗരസഭാ സെക്രട്ടറിക്ക് ഉത്തരവാദിത്വമില്ലെന്ന് കാണിച്ച്‌ കത്ത് നല്‍കി.പദ്ധതിയുമായി ബന്ധമില്ല. നിലവിലെ ഉടമസ്ഥരാണ് കരമടയ്ക്കുന്നത്. അതിനാല്‍ ഉടമസ്ഥാവകാശവും അവര്‍ക്കാണ്. നഗരസഭ തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഒഴിഞ്ഞ് പോകില്ലെന്നുമാണ് അതേസമയം ഉടമകളുടെ നിലപാട്.ഒഴിപ്പിക്കല്‍ നടപടിയുമായി അധികൃതര്‍ മുന്നോട്ട് പോയാല്‍ ശക്തമായി പ്രതിരോധിക്കുമെന്ന് ഫ്ലാറ്റുടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പ്രതീക്ഷയുണ്ടെന്നും ഫ്ലാറ്റുടമകള്‍ പറഞ്ഞു.ഫ്ലാറ്റുകള്‍ പൊളിക്കാന്‍ താല്‍പര്യമറിയിച്ചുകൊണ്ട് കമ്പനികള്‍ അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി ഇന്നവസാനിക്കും. ഇതുവരെ എട്ട് കമ്പനികള്‍ നഗരസഭാ സെക്രട്ടറിക്ക് കത്ത് നല്‍കി. പരിസ്ഥിതി വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ചെന്നൈ ഐ.ഐ.ടി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാറിന് സമര്‍പ്പിക്കും. പ്രൊഫ. ദേവദാസ് മേനോന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മാസം ഫ്ലാറ്റുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

Previous ArticleNext Article