ബംഗളൂരു:ചന്ദ്രയാന്‍-2 ദൗത്യത്തിലെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള സാധ്യതകള്‍ മങ്ങുന്നതായി ഐഎസ്ആർഒ.വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങി ഏഴു ദിവസം പിന്നിട്ടിട്ടും ആശയവിനിമയം വീണ്ടെടുക്കാനായിട്ടില്ല.സപ്റ്റംബര്‍ ഏഴിന് പുലര്‍ച്ച 1.45ന് സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്നതിനിടെ ചന്ദ്രോപരിതലത്തില്‍നിന്നും 2.1 കിലോമീറ്റര്‍ പരിധിക്കുശേഷമാണ് ലാന്‍ഡറുമായി ആശയവിനിമയം നഷ്ടമാകുന്നത്. വിക്രം ലാന്‍ഡറിലെ ബാറ്ററികള്‍ക്കും സോളാര്‍ പാനലുകള്‍ക്കും 14 ദിവസമേ ആയുസ്സുള്ളൂ. അതിനാല്‍തന്നെ ഇനി ഏഴുദിവസം കൂടി മാത്രമേ ലാന്‍ഡറിനും അതിനുള്ളിലെ പ്രഗ്യാന്‍ റോവറിനും പ്രവര്‍ത്തിക്കാനാകൂ.കുറഞ്ഞ സമയത്തിനുള്ളില്‍ ആശയ വിനിമയം പുനഃസ്ഥാപിക്കുക എന്ന വെല്ലുവിളിയാണ് ഐ.എസ്.ആര്.ഒയുടെ മുന്നിലുള്ളത്.വരും ദിവസങ്ങളില്‍ ലാന്‍ഡറുമായുള്ള ആശയവിനിമയം വീണ്ടെടുക്കാന്‍ കഴിഞ്ഞാലും പര്യവേക്ഷണത്തിന് സാധ്യത വിദൂരമാണ്. ഒരോ മണിക്കൂര്‍ പിന്നിടുംതോറും ലാന്‍ഡറിലെ ബാറ്ററി ചാര്‍ജ് കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും വൈകുംതോറും പ്രവൃത്തിക്കാനുള്ള ഇന്ധനം നഷ്ടമാകുമെന്നും ഐ.എസ്.ആര്.ഒ ഉദ്യോഗസ്ഥന് പറഞ്ഞു. ഒരോ മിനിറ്റിലും സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്.വിക്രം ലാന്‍ഡറുമായി ബന്ധപ്പെടാനുള്ള സാധ്യത നേര്‍ത്തുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.