കൊച്ചി: ബിനാമികളെ കണ്ടെത്താനെന്ന വ്യാജേനെ പെട്രോളിയം ഡീലർമാരുടെ സ്വകാര്യതയിൽ കടന്നു കയറാനുള്ള പൊതുമേഖലാ എണ്ണകമ്പനികളുടെ ശ്രമത്തിന് ബഹു: കേരള ഹൈക്കോടതി തടയിട്ടു.
പമ്പുടമകൾ, ഡീലർ ആന്വൽ റിട്ടേൺസ് എന്ന പേരിൽ തങ്ങളുടെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, ഇൻകം – ടാക്സ്, ജി.എസ്.ടി റിട്ടേണുകൾ, ബാലൻസ് ഷീറ്റ് തുടങ്ങിയവ സമർപ്പിക്കണമെന്നും, വീഴ്ച വരുത്തുന്ന ഡീലറുടെ ലോഡുകൾ തടയുമെന്ന ഓയിൽ കമ്പനികളുടെ തിട്ടുരത്തിനെതിരെ സംസ്ഥാനത്തെ ഒരു വിഭാഗം പെട്രോളിയം ഡീലർമാർ ബഹു: ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി.സിങ്കിൾ ബെഞ്ചിൽ നിന്നും പൂർണ്ണമായും അനുകൂല വിധി ലഭിക്കാത്തതിനാൽ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയും, ഡിവിഷൻ ബെഞ്ച് ഡീലർമാരുടെ വാദങ്ങളെ പൂർണ്ണമായി ശരിവെക്കുകയും സ്വകാര്യത മൗലികാവകശമാണെന്നുള്ള സുപ്രീം കോടതി വിധിയുടെ ലംഘനമാണ് ഓയിൽ കമ്പനികളുടെ മേൽപ്പറഞ്ഞ നടപടികളിലൂടെ ഉണ്ടായിരിക്കുന്നതെന്നും വിധിച്ചു.
ജസ്റ്റീസ് സി.കെ.അബ്ദുൾ റഹീംഉം, ജസ്റ്റീസ്.ആർ.നാരായണ പിഷാരടിയും അടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തങ്ങളുടെ വിധിയിൽ ഡീലർഷിപ്പ് എഗ്രിമെന്റ്, എന്ന ഓയിൽ കമ്പനിയും, ഡീലറും പരസ്പര സമ്മതത്തോടെ ഒപ്പിട്ട കരാറിന്റെ പിൻബലമുണ്ടെന്ന് കരുതി കാലാകാലങ്ങളിൽ തങ്ങൾക്കിഷ്ടമുള്ള ചട്ടങ്ങളും, നിയമങ്ങളും ഡീലറുടെ മേൽ അടിച്ചേൽപ്പിക്കുവാൻ ഓയിൽ മാർക്കറ്റിംങ്ങ് കമ്പനികൾക്ക് കഴിയില്ലെന്നും വ്യക്തമാക്കി.
കൂടാതെ സുപ്രീം കോടതി വിധിയുടെ അന്ത:സത്ത പാലിക്കാത്ത വിധത്തിൽ വിധി പറഞ്ഞ ഹൈക്കോടതി സിങ്കിൾ ബെഞ്ചിനെ, ഡിവിഷൻ ബെഞ്ച് പരോക്ഷമായി വിമർശിക്കുകയും ചെയ്തു.
അഡ്വ. സന്തോഷ് മാത്യു ആണ് പെട്രോളിയം ഡീലർസിന് വേണ്ടി ഹൈ കോടതിയിൽ വാദിച്ചത്.
ഹൈക്കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ ഡീലറുടെ ന്യായമായ
അവകാശങ്ങളുടെ നേരേ കണ്ണടയ്ക്കുകയും, കരിനിയമങ്ങൾ കൊണ്ട് ഡീലർമാരെ അടിച്ചമർത്താൻ ശ്രമിക്കുന്ന ഓയിൽ കമ്പനികളുടെ സമീപനത്തിൽ മാറ്റമുണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായി പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ & ലീഗൽ സർവ്വീസ് സൊസൈറ്റി ചെയർമാൻ ശ്രീ.എ.എം.സജി പറഞ്ഞു.