തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച അവധി നല്‍കി പ്രവൃത്തി ദിവസം അഞ്ചുദിവസമാക്കി കുറയ്ക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മീഷന്റെ ശുപാര്‍ശ. വിരമിക്കല്‍ പ്രായം ഘട്ടം ഘട്ടമായി 60 വയസാക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. പ്രവൃത്തിദിനം അഞ്ചുദിവസമായി കുറയ്ക്കുന്നത് വഴി ജീവനക്കാരുടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ശനിയാഴ്ച അവധി നല്‍കുന്നതിനു പകരം പ്രവൃത്തിദിനങ്ങളിലെ സമയം രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെയാക്കണം. ഉച്ചയൂണിന് ഒന്നിനും രണ്ടിനുമിടയില്‍ അരമണിക്കൂര്‍ ഇടവേള നല്‍കണം. ജീവനക്കാര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ജോലിസമയം ക്രമീകരിക്കുന്നതിന്റെ സാധ്യതയും പരിഗണിക്കാം.ജീവനക്കാര്‍ ഓഫിസിലെത്തുന്നതും തിരികെ പോകുന്നതുമായ സമയം കൃത്യമായി രേഖപ്പെടുത്തി നിശ്ചിത സമയം ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഫീസ് സമയത്തിന് അനുസരിച്ച് പൊതുഗതാഗത സൗകര്യങ്ങളൊരുക്കാന്‍ ചര്‍ച്ചകള്‍ നടത്തണമെന്നും ശുപാര്‍ശ ചെയ്യുന്നു.സര്‍ക്കാര്‍ ജീവനക്കാരുടെ 20 ദിവസമുള്ള കാഷ്വല്‍ ലീവ് 12 ദിവസമായി ചുരുക്കാനും ശുപാര്‍ശയില്‍ പറയുന്നു. കൂടാതെ പൊതു അവധികള്‍, നിയന്ത്രിത അവധികള്‍, പ്രത്യേക അവധികള്‍ എന്നിവ മൂന്നായി തിരിക്കണം. പൊതു അവധികള്‍ 9 ആക്കി കുറയ്ക്കണം. റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, മേയ് ദിനം, ഓണം (രണ്ടു ദിവസം), ക്രിസ്മസ്, ഈദുല്‍ ഫിത്തര്‍, മഹാനവമി എന്നിവയ്ക്ക് മാത്രം പൊതുഅവധി നല്‍കിയാല്‍ മതി. മറ്റ് അവധികള്‍ പ്രത്യേക അവധികളായിരിക്കും. ഒരാള്‍ക്ക് 8 പ്രത്യേക അവധി എടുക്കാം.പിഎസ്സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായം 40 ല്‍നിന്ന് 32 ആയി കുറയ്ക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കുറഞ്ഞപ്രായം 18ല്‍നിന്ന് 19 ആക്കണം. ഒരു തസ്തികയ്ക്ക് നാല് അവസരം മാത്രമേ നല്‍കാവൂ. പട്ടികജാതി / പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് അവസരം നിയന്ത്രിക്കേണ്ടതില്ലെന്നും ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാര്‍ശയില്‍ പറയുന്നു.