Kerala, News

കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍കൂടി പിടിയില്‍

keralanews gold smuggling through kannur airport three customs officers arrested

കൊച്ചി:കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ സഹായിച്ച മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെക്കൂടി റവന്യൂ ഇന്റലിജന്‍സ് അറസ്റ്റു ചെയ്തു. രോഹിത് ശര്‍മ, സകീന്ദ്ര പാസ്വാന്‍, കൃഷന്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ രാഹുല്‍ പണ്ഡിറ്റ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.പണ്ഡിറ്റിന്റെ കൂട്ടാളികളാണ് ഇന്ന് അറസ്റ്റിലായ മൂന്നുപേരും.ഈ മാസം 19ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ നാല് യാത്രക്കാരില്‍ നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് 15 കിലോ സ്വര്‍ണം പിടികൂടിയിരുന്നു.തുടരന്വേഷണത്തിലാണ് കള്ളക്കടത്തു റാക്കറ്റിന് സൗകര്യം ചെയ്തുകൊടുത്തിരുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് കണ്ടെത്തിയത്. സ്വര്‍ണവുമായി വരുന്ന യാത്രക്കാരുടെ വിശദാംശങ്ങള്‍ രാഹുല്‍ പണ്ഡിറ്റ് വഴി കണ്ണൂര്‍ വിമാനത്താളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും. ഈ യാത്രക്കാരെ എക്‌സ് റേ പരിശോധനയില്ലാതെ കടത്തിവിടുയാണ് പതിവ്. എന്നാല്‍, ഡിആര്‍ഐ പരിശോധനയില്‍ കള്ളക്കളി പൊളിയുകയായിരുന്നു. കള്ളക്കടത്ത് റാക്കറ്റില്‍ നിന്ന് ലഭിക്കുന്ന പണം ഉദ്യോഗസ്ഥര്‍ക്ക് വീതിച്ചു നല്‍കിയിരുന്നതും രാഹുലായിരുന്നു.ഇന്നത്തെ അറസ്റ്റോടെ, നാല് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കേസില്‍ പിടിയിലായവരുടെ എണ്ണം 16 ആയി. മൂന്ന് യുവ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇന്ന് പിടിയിലായിരിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ കസ്റ്റംസ് റിക്രൂട്ട്‌മെന്റായിരുന്നു ഇവരുടേത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസില്‍ കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കുടുങ്ങിയേക്കുമെന്നാണ് ഡിആര്‍ഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Previous ArticleNext Article