ന്യൂഡൽഹി:കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതി സെപ്റ്റംബര്‍ ഒന്നിനു പ്രാബല്യത്തില്‍ വരുന്നതോടെ ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ ഉയരും.നേരത്തേ നടന്ന നിയമലംഘനങ്ങള്‍ക്ക് പിഴശിക്ഷ തീരുമാനിക്കുന്നതു സെപ്റ്റംബര്‍ ഒന്നിനു ശേഷമാണെങ്കില്‍ വര്‍ധന ബാധകമാകും. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അടിയന്തര സര്‍വീസുകളുടെ വഴി തടസപ്പെടുത്തിയാല്‍ 10000 രൂപ ശിക്ഷ വ്യവസ്ഥ ചെയ്യുന്നതുള്‍പ്പടെയുള്ളതാണ് നിയമ ഭേദഗതികള്‍. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ രക്ഷിതാക്കള്‍ക്ക് എതിരെ കേസെടുക്കും. കുറ്റം ചെയ്ത കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം വിചാരണ ചെയ്യും. ഈ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കുകയും ചെയ്യും. ലൈസന്‍സ് വ്യവസ്ഥാ ലംഘനത്തിന് 25,000 മുതല്‍ 1 ലക്ഷം വരെ പിഴ ഈടാക്കും.വാഹനാപകടത്തില്‍ മരിച്ചാല്‍ അഞ്ചുലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റാല്‍ രണ്ടര ലക്ഷവും നഷ്ടപരിഹാരം നല്‍കാനാണ് ബില്ലിലെ ശുപാര്‍ശ. ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനുള്ള കാലാവധി ഒരു മാസത്തില്‍ നിന്ന് ഒരു വര്‍ഷമായും ഉയര്‍ത്തി.
പുതുക്കിയ പിഴകള്‍ ( പഴയത് – പുതിയത് ): ലൈസന്‍സില്ലാതെ ഡ്രൈവിങ് 500 – 5000 രൂപ, അയോഗ്യതയുള്ളപ്പോള്‍ ഡ്രൈവിങ് 500 – 10000, അമിതവേഗം 400 – 2000 , അപകടകരമായ ഡ്രൈവിങ് 1000 – 5000, മദ്യപിച്ച് വാഹനമോടിക്കല്‍ 2000 – 10000, മല്‍സരിച്ചുള്ള ഡ്രൈവിങ് 500 – 5000, പെര്‍മിറ്റില്ലാത്ത വാഹനത്തിന് 5000 – 10000, ഹെല്‍മറ്റ്/ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 100 – 1000.