പയ്യന്നൂർ:ചൊവ്വാഴ്ച രാത്രി പയ്യന്നൂർ പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന ബസ് കാണാതായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബസ് പഴയങ്ങാടിയിലെ ഒരു വീട്ടുമതിലിൽ ഇടിച്ച നിലയിൽ കണ്ടെത്തി.കൂത്തുപറമ്പ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മേധാവി മോട്ടോർസ് കമ്പനിയുടെ സ്റ്റാർ ലൈറ്റ് ബസ്സാണ് രാത്രിയിൽ കാണാതായത്.പയ്യന്നൂർ-കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സാണിത്.പയ്യന്നൂർ രാജധാനി തീയേറ്ററിന് സമീപത്തുള്ള പെട്രോൾ പമ്പിലാണ് രാത്രി ഓട്ടം കഴിഞ്ഞ ശേഷം ബസ് നിർത്തിയിട്ടിരുന്നത്.രാത്രി പത്തുമണിയോടെയാണ് പമ്പ് അടച്ചത്.പിന്നീട് പുലർച്ചെ നാലുമണിയോടെ പമ്പിലെത്തിയ ജീവനക്കാരാണ് ബസ് കാണാതായ വിവരം അറിയുന്നത്.തുടർന്ന് ബുധനാഴ്ച രാവിലെ നടത്തിയ അന്വേഷണത്തിലാണ് ബസ് പഴയങ്ങാടി എരിപുരം താലൂക്ക് ആശുപത്രിക്ക് സമീപം വീട്ടുമതിലിൽ ഇടിച്ച നിലയിൽ കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് മുൻപ് ബസ്സിലെ ക്ളീനരായിരുന്ന നാറാത്ത് ആലിങ്കീൽ സ്വദേശിയും പരിയാരത്ത് താമസക്കാരനുമായ ലിധിനെ(25) പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.മദ്യലഹരിയിലാണ് ബസുമായി പോയതെന്ന് ഇയാൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു.ബസ് മതിലിൽ ഇടിച്ചതിനെ തുടർന്ന് കൈക്ക് പരിക്കേറ്റ ഇയാൾ പരിയാരത്ത് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.ബസ് നിർത്തിയിട്ടിരുന്ന പമ്പിലെ സിസിടിവി ക്യാമറയിൽ മുഖം ടവ്വൽ കൊണ്ട് മറച്ചയാൾ രാത്രി പമ്പിലെത്തി ബസുമായി പോകുന്ന ദൃശ്യം പതിഞ്ഞിരുന്നു.രാത്രി 12.54 നു പമ്പിലെത്തിയ ഇയാൾ 1.02 ന് ബസ് റോഡിലെത്തിച്ച് തിരിച്ച് ബസ്സ്റ്റാൻഡ് ഭാഗത്തേക്ക് പോകുന്ന ദൃശ്യങ്ങളാണ് ക്യാമറയിലുള്ളത്.