തിരുവനന്തപുരം: മോദിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയതില്‍ ശശി തരൂര്‍ എം.പിയോട് കെ.പി.സി.സി വിശദീകരണം തേടും.തരൂരിന്റെ നടപടി തെറ്റാണെന്നും പ്രസ്താവന തിരുത്താന്‍ ശശി തരൂര്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. പ്രസ്താവന തിരുത്താത്ത തരൂരിന്‍റെ നടപടിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് തരൂര്‍ വ്യക്തമാക്കണമെന്ന് കെ.പി.സി.സി ആവശ്യപ്പെടും. ഉപതിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ബിജെപി അനുകൂല നിലപാടുകളായി രാഷ്ട്രീയ എതിരാളികള്‍ പ്രസ്താവന ഉപയോഗിച്ചേക്കാമെന്നതിനാലാണ് കെ.പി.സി.സി വിഷയത്തില്‍ ഇടപെടുന്നത്. തരൂര്‍ ഇത്തരത്തില്‍ പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്നും കെ.പി.സി.സി ആവശ്യപ്പെട്ടേക്കും. കോണ്‍ഗ്രസ് നേതാക്കളുടെ മോദി അനുകൂല പ്രസ്താവനകളില്‍ ഇടപെടണമെന്ന് എ.ഐ.സി.സിയോട് ഔദ്യോഗികമായി ആവശ്യപ്പേട്ടേക്കുമെന്നും സൂചനയുണ്ട്.തരൂരിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. തന്നോളം മോദിയെ വിമര്‍ശിച്ച മറ്റാരുമുണ്ടാവില്ലെന്നും പ്രസ്താവന തിരുത്തേണ്ട ഒരു കാര്യവുമില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള തരൂരിന്റെ മറുപടി. തന്നെ ആരും പഠിപ്പിക്കേണ്ടെന്നു പറഞ്ഞ് രമേശ് ചെന്നിത്തലയോട് തരൂര്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഇതോടെ നടപടി ആവശ്യവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി. തുടര്‍ന്നാണ് തരൂരിനോട് വിശദീകരണം ചോദിക്കാന്‍ കെപിസിസി തീരുമാനിച്ചത്.മോദി ചെയ്ത നല്ല കാര്യങ്ങളെ പ്രശംസിക്കണം. അല്ലെങ്കില്‍ വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകില്ലെന്നുമുള്ള തരൂരിന്റെ പ്രസ്താവനയാണ് കോണ്‍ഗ്രസില്‍ വിവാദമായത്.