India, Kerala, News

വണ്ടിച്ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ അറസ്റ്റില്‍

keralanews thushar vellappalli arrested in uae in cheque bounce case

അജ്‌മാൻ:വണ്ടിച്ചെക്ക് കേസില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ അറസ്റ്റില്‍.കഴിഞ്ഞ ദിവസം രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് തുഷാറിനെ അറസ്റ്റ് ചെയ്തത്.ബിസിനസ് പങ്കാളിക്ക് വണ്ടിചെക്ക് നല്‍കിയ കേസിലാണ് അറസ്റ്റ്. തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദജുള്ളയുടെ പരാതിയിലാണ് അറസ്റ്റ്.പത്തു വര്‍ഷം മുൻപാണ് കേസിനാസ്പദമായ സംഭവം.പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ വണ്ടിചെക്ക് കേസിലാണ് നടപടി. ഏകദേശം 20 കോടി രൂപയുടെ വണ്ടിചെക്കാണ് തുഷാര്‍ നല്‍കിയത്. ഒത്തുതീര്‍പ്പിനെന്ന പേരില്‍ വിളിച്ച്‌ വരുത്തിയായിരുന്നു അറസ്റ്റ്. തുഷാറിനെ അജ്മാന്‍ ജയിലിലേക്ക് മാറ്റി.പത്തുവര്‍ഷം മുൻപ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് വണ്ടിച്ചെക്ക് നല്‍കിയെന്നാണ് കേസ്. പത്തുമില്യണ്‍ യുഎഇ ദിര്‍ഹമാണ് നല്‍കിയത്.പിന്നീട് നാട്ടിലേയ്ക്ക് കടന്ന തുഷാര്‍ പലതവണ പണം നല്‍കാമെന്ന് പറഞ്ഞെങ്കിലും സ്വാധീനം ഉപയോഗിച്ച്‌ ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.യുഎഇ സ്വദേശിയുടെ മധ്യസ്ഥതയില്‍ കേസ് ഒത്തു തീര്‍ക്കാനായി തുഷാറിനെ അജ്മാനിലേയ്ക്ക് നാസില്‍ വിളിച്ചു വരുത്തുകയായിരുന്നു. ചൊവ്വാഴ്ച രാത്രി അജ്മാനിലെത്തിയ തുഷാറിനെ താമസസ്ഥലത്ത് വച്ച്‌ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.അതേസമയം തുഷാറിനെ കുടുക്കിയതാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കള്ളം പറഞ്ഞാണ് തുഷാറിനെ യുഎഇയിലേക്ക് വിളിച്ചുവരുത്തിയത്. ഇന്ന് തന്നെ ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.ഏത് വിധേനയെങ്കിലും തുഷാറിനെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കള്‍. വ്യാഴാഴ്ചയായതിനാല്‍ ഇന്ന് പുറത്തിറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ പൊതു അവധിയായതിനാല്‍ രണ്ട് ദിവസം കൂടി തുഷാര്‍ ജയിലില്‍ കിടക്കേണ്ടി വരും. വ്യവസായി എം എ യൂസഫലിയുടെയും കേന്ദ്രസര്‍ക്കാരിന്‍റെ സഹായവും തുഷാറിന്‍റെ കുടുംബം തേടുന്നുണ്ട്.

Previous ArticleNext Article