Kerala, News

ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ പി.ചിദംബരം അറസ്റ്റില്‍

keralanews p chithambaram arrested in i n x media scam case

ന്യൂഡൽഹി:ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ പി.ചിദംബരം അറസ്റ്റില്‍. ചിദംബരത്തിന്‍റെ വസതിയിലെത്തിയാണ് 20 അംഗ സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തത്.അറസ്റ്റ് ഭീഷണിക്കിടെ നേരത്തെ പി.ചിദംബരം കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.താന്‍ നിരപരാധിയാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്കും മകനുമെതിരെ നടക്കുന്നത് കള്ള പ്രചാരണമാണ്. എഫ്.ഐ.ആറില്‍ തനിക്കെതിരെ ഒരു കുറ്റവും ചുമത്തിയിട്ടില്ലെന്നും ചിദംബരം പ്രതികരിച്ചു.തനിക്കെതിരെ ഒരു കോടതിയിലും കുറ്റപത്രമില്ലെന്നും കേസില്‍ താനോ തന്റെ കുടുംബാംഗങ്ങളോ പ്രതികളല്ലെന്നും ചിദംബരം പറഞ്ഞു.‘ഇന്ത്യയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. നിയമത്തില്‍ വിശ്വാസമുണ്ട്. നിയമത്തെ മാനിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറാകണം’.അറസ്റ്റില്‍ പരിരക്ഷയാണ് ആവശ്യപ്പെട്ടതെന്നും അത് പൗരന്റെ അവകാശമാണെന്നും ചിദംബരം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിന് ശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് പോയ ചിദംബരത്തെ തേടി സി.ബി.ഐ സംഘമെത്തുകയായിരുന്നു. വീടിന്‍റെ മതില്‍ ചാടിക്കടന്നാണ് സി.ബി.ഐ സംഘമെത്തിയത്.വീടിന്റെ ഗേറ്റ് അടച്ചിട്ടനിലയിലായിരുന്നു. ഇതിന് പിന്നാലെയാണ് മുതിര്‍ന്ന സി.ബി.ഐ ഉദ്യോഗസ്ഥരടക്കമുള്ള 20 അംഗം മതില്‍ ചാടിക്കടന്ന് അകത്തേക്ക് പ്രവേശിച്ചത്. ധനകാര്യ മന്ത്രിയായിരിക്കെ ഐ.എൻ.എക്സ് മീഡിയക്ക് വിദേശ ഫണ്ട് ലഭിക്കുന്നതിന് വഴിവിട്ട സഹായം ചെയ്തു എന്നാണ് ചിദംബരത്തിനെതിരായ കേസ്. സ്റ്റാര്‍ ഇന്ത്യ മുന്‍ സി.ഇ.ഒ പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ കമ്പനിയായ ഐ.എന്‍.എക്‌സ് മീഡിയയ്ക്ക് വഴിവിട്ടു വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ഇടനില നിന്നെന്ന് ആരോപിക്കപ്പെട്ട് ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി നേരത്തെ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യം ലഭിച്ചു. പീറ്റർ മുഖര്‍ജിയും ഇന്ദ്രാണി മുഖർജിയും മകള്‍ ഷീന ബോറയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിലവിൽ ജയിലിലാണ്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്.

Previous ArticleNext Article