തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ചു മാധ്യമപ്രവര്ത്തകന് കെ.എം. ബഷീര്‍ മരിച്ച സംഭവത്തില്‍ തെറ്റായ റിപ്പോർട്ട് തയ്യാറാക്കിയ പോലീസിനെതിരെ ഡോക്ടര്‍മാരുടെ സംഘടന രംഗത്ത്. ശ്രീറാമിന്റെ രക്തം പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ തയാറായില്ലെന്ന് വാദം തെറ്റാണ്.ശ്രീറാമിന്റെ ദേഹ പരിശോധന നടത്താന്‍ മാത്രമാണ് പൊലീസ് ആവശ്യപ്പെട്ടത്.രക്തപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടില്ല.നിയമപരമായ നടപടിക്രമങ്ങള്‍ ഡോക്ടര്‍ പാലിച്ചിരുന്നു. എസ്ഐ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ രക്തപരിശോധന നടത്തിയില്ലെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ കളവാണെന്നും സംഘടന പറഞ്ഞു. പോലീസ് റിപ്പോര്‍ട്ടിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും കെജിഎംഒഎ ഭാരവാഹികള്‍ പറഞ്ഞു.രക്ത പരിശോധന നടത്താത്തതില്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ കുറ്റപ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്.പ്രത്യേക അന്വേഷണസംഘത്തലവന്‍ ഷീന്‍ തറയിലാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പലകുറി ജനറല്‍ ആശുപത്രിയിലെ ഡോക്ടറോട് രക്തം എടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കേസില്ലാത്തതിനാല്‍ ഡോക്ടര്‍ ഇതിന് തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍ ശ്രീറാമിന് മദ്യത്തിന്റെ ഗന്ധമുണ്ടെന്ന് പറഞ്ഞിരുന്നു. ഇക്കാര്യം പരിസോധന ചാര്‍ട്ടില്‍ രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ രക്തപരിശോധന നടത്താന്‍ ആവശ്യപ്പെടാതെ, മെഡിക്കല്‍ എടുക്കാന്‍ മാത്രമായിരുന്നു ആവശ്യപ്പെട്ടത്. മാത്രമല്ല, പൊലീസ് കേസെടുക്കാത്തതിനാല്‍ തനിക്ക് ശ്രീറാമിനെ രക്തപരിശോധനയ്ക്ക് നിര്‍ബന്ധിക്കാനാകില്ലെന്നും ഡോക്ടര്‍ വെളിപ്പെടുത്തിയിരുന്നു. പ്രാഥമികാന്വേഷണത്തില്‍ ഗുരുതര വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് പോലീസ് നര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയിലിന്റെ നേതൃത്വത്തിലുള്ള സംഘം കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടെന്നു സിറാജ് പത്രത്തിന്റെ മാനേജ്മെന്റ് ആരോപിച്ചിരുന്നു. അപകട മരണമുണ്ടായാല്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടിക്രമങ്ങളുമായി പൊലീസിന് മുന്നോട്ട് പോകാം. അങ്ങനെയുള്ളപ്പോഴാണ് പൊലീസിന്റെ ഈ വിചിത്ര വാദം.രാത്രി ഒരു മണിക്കുണ്ടായ പകടത്തില്‍ രാവിലെ എട്ടുമണിയോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പുലര്‍ച്ചെ മൂന്നുമണി മുതല്‍ താന്‍ പൊലീസിന്റെ ഒപ്പം ഉണ്ടായിരുന്നെന്നും, എന്നാല്‍ തന്റെ മൊഴിയെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ലെന്നും പരാതിക്കാരനായ സിറാജ് മാനേജ്മെന്റ് പ്രതിനിധി സെയ്ഫുദ്ദീന്‍ ഹാജി വ്യക്തമാക്കി.