ടെഹ്റാൻ:ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്ത ഇറാന് കപ്പലിലെ ഇന്ത്യക്കാര്‍ മോചിതരായി.മൂന്നുമലയാളികള്‍ ഉള്‍പ്പെടെ 24 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലിലെ മുഴുവന്‍ ഇന്ത്യക്കാരും ഉടന്‍ തിരിച്ചെത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മലപ്പുറം വണ്ടൂര്‍ ചെട്ടിയാറമ്മല്‍ സ്വദേശി കെ.കെ.അജ്മല്‍ (27), കാസര്‍കോട് ഉദുമ നമ്ബ്യാര്‍ കീച്ചില്‍ ‘പൗര്‍ണമി’യില്‍ പി. പുരുഷോത്തമന്റെ മകന് തേഡ് എന്‍ജിനീയര്‍ പി.പ്രജിത്ത് (33), ഗുരുവായൂര്‍ മമ്മിയൂര്‍ മുള്ളത്ത് ലൈനില്‍ ഓടാട്ട് രാജന്റെ മകന് സെക്കന്‍ഡ് ഓഫിസര്‍ റെജിന്‍ (40) എന്നിവരാണ് കപ്പലിലുണ്ടായിരുന്ന മലയാളികള്‍.മേയ് 13ന് യു.എ.ഇയിലെ ഫുജൈറയില്‍ നിന്നും മൂന്നുലക്ഷം ടണ്‍ അസംസ്കൃത എണ്ണയുമായി സിറിയയിലേക്കു പോയ ‘ഗ്രെയ്സ് വണ്‍’ എന്ന കപ്പലിനെ സ്പെയിനിനു സമീപം ബ്രിട്ടിഷ് അധീനതയിലുള്ള ജിബ്രാള്‍ട്ടര്‍ തീരത്തുനിന്നു മാറി ബ്രിട്ടന്റെ നാവികസേന പിടിച്ചെടുക്കുകയായിരുന്നു. 18,000 കിലോമീറ്ററും 25 രാജ്യങ്ങളും താണ്ടി കഴിഞ്ഞ മാസം 4ന് ജിബ്രാള്‍ട്ടറില്‍ എത്തിയപ്പോള്‍ ഭക്ഷണസാധനങ്ങള്‍ നിറയ്ക്കുന്നതിനായി കപ്പല്‍ കരയിലേക്കു നീങ്ങി. ഈ സമയത്താണ് ഹെലികോപ്റ്ററില്‍ എത്തിയ ബിട്ടീഷ് സൈന്യം കപ്പല്‍ പിടിച്ചെടുത്തത്. ജീവനക്കാരുടെ പാസ്പോര്‍ട്ട്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയും പിടിച്ചെടുത്തിരുന്നു. ഒരാഴ്ച മുന്‍പ് ഫോണ്‍ തിരിച്ചു കിട്ടിയതോടെ കുടുംബാംഗങ്ങളെ ബന്ധപ്പെട്ടപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്.