തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തമായതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു.ഇതേ തുടർന്ന് ഇടുക്കി, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ ഈ മൂന്ന് ജില്ലകളിലും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരുന്നത്. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കാസർകോട് ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിൽ 20 സെന്റീമീറ്ററിന് മുകളിൽ മഴ പെയ്യുമെന്നാണ് ഏറ്റവുമൊടുവിൽ കാലവസ്ഥാകേന്ദ്രം പ്രവചിക്കുന്നത്.കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാളെ റെഡ് അലർട്ടുണ്ട്. ന്യൂനമർദ്ദത്തിന്റെ പ്രഭാവം മൂലം അടുത്ത രണ്ട് ദിവസത്തേക്ക് ശക്തമാകുന്ന മഴ വെളളിയാഴ്ചയോടെ ദുർബലമാകും.മഴ ശക്തമായെങ്കിലും സംസ്ഥാനത്ത് ഡാമുകളുടെ ജലനിരപ്പ് ആശങ്കപ്പെടുത്തുന്ന നിലയിലല്ല. മുൻകരുതലെന്നോണം നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ ഒരിഞ്ച് വീതം തുറന്നു.