കണ്ണൂർ:ജില്ലയിൽ കനത്ത മഴ തുടരുന്നു.പുഴകളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.ഈ സാഹചര്യത്തില്‍ ഇരിട്ടി, ഇരിക്കൂര്‍ പുഴയുടെ തീരങ്ങളിലും മറ്റ് പുഴകളുടെ തീരങ്ങളിലും താമസിക്കുന്നവര്‍ സര്‍ക്കാര്‍ തയ്യാറാക്കിയ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറിത്താമസിക്കണമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നൽകി കഴിഞ്ഞു.മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളിലുള്ള ജനങ്ങളും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു. അതിനിടെ, ജില്ലയില്‍ കനത്ത മഴയില്‍ ഒരാള്‍ മരിച്ചു. ഇരിട്ടി താലൂക്കില്‍ പഴശ്ശി വില്ലേജില്‍ കയനി കുഴിക്കലില്‍ കുഞ്ഞിംവീട്ടില്‍ കാവളാന്‍ പത്മനാഭന്‍ (55 വയസ്സ്) ആണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30 ഓടെ ആയിരുന്നു അപകടം. ഉരുള്‍പൊട്ടലുണ്ടായ അടക്കാത്തോട് മേമലക്കുന്ന്, കൊട്ടിയൂര്‍ ചാപ്പമല എന്നിവിടങ്ങളില്‍ നിന്ന് 10 കുടുംബങ്ങളെ ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടര്‍ച്ചയായ മഴയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലാണ്.ഇരിട്ടി,ഇരിക്കൂർ,കുറുമാത്തൂര്‍, ചെങ്ങളായി, ശ്രീകണ്ഠാപുരം, മയ്യില്‍, കൊളച്ചേരി, ആലക്കോട് തുടങ്ങിയ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പ്രദേശവാസികളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. ശക്തമായ മഴയിലും കാറ്റിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി വീടുകളും കടകളും തകര്‍ന്നു.വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്.