വയനാട്:കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടലുണ്ടായ വയനാട് പുത്തുമലയില്‍ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി.അൻപതോളം ആളുകൾ ഇപ്പോഴും ഈ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.ഹാരിസണ്‍ മലയാളത്തിന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റ് മേഖലയായ ഇവിടെ തോട്ടം തൊഴിലാളികളാണ് താമസിക്കുന്നത്. ഉരുള്‍പൊട്ടലില്‍ ഈ മേഖലയിലുള്ള വീടുകള്‍, പള്ളി, ക്ഷേത്രം കാന്റീന് എന്നിവയൊക്കെ തകർന്നു.വ്യാഴാഴ്ച മുതല്‍ ഈ പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായി. ഇവിടെ നിന്നും റോഡുകള്‍ ഒലിച്ചുപോയതിനാല്‍ കള്ളാടി മേഖല വരെ മാത്രമാണ് ഇപ്പോഴും പോകാന്‍ കഴിയുന്നത്.എം.എല്‍.എയും സബ്കളക്ടറും ഉള്‍പ്പടെയുള്ളവര്‍ കള്ളാടിയിലുണ്ട്. ഇന്നലെ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി താമസിപ്പിച്ചവരെ കൂടുതല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.മണ്ണ് മാറ്റുന്നതിനിടെ വീണ്ടും മണ്ണ് ഇടിയുന്നത് രക്ഷാ പ്രവര്‍ത്തനം ദുസഹമാക്കുന്നുണ്ട്. പരിക്കേറ്റ പത്ത് പേര് മേപ്പാടി വിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.