Kerala, News

സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ തുടരുന്നു;മരണസംഖ്യ 23 ആയി;ഇന്ന് മാത്രം മരിച്ചത് 13 പേര്‍

keralanews heavy rain continues in kerala 23 died and 13 died today

തിരുവനന്തപുരം:കനത്ത നാശം വിതച്ച് സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു.കനത്ത മഴയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 23 ആയി.ഇന്ന് മാത്രം വിവിധയിടങ്ങളിലായി 13 പേരാണ് മരിച്ചത്.വയനാട്, ഇടുക്കി ജില്ലകളിലാണ് ഏറ്റവും കനത്ത നാശം. സംസ്ഥാനത്താകെ അയ്യായിരത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.വയനാട് മേപ്പാടി പുതുമലയില്‍ രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ അകപ്പെട്ടിട്ടുണ്ട്.ഇവിടെ കണ്ണൂര്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.രണ്ടു പാര്‍പ്പിട കേന്ദ്രങ്ങള്‍, വീടുകള്‍, മദ്രസ, ക്ഷേത്രം, ചായക്കട, ഹോട്ടല്‍ എന്നിവയെല്ലാം മണ്ണിനടിയിലായി. ദുരന്തസമയത്ത് ആള്‍ക്കാര്‍ കെട്ടിടങ്ങളില്‍ ഉണ്ടായിരുന്നതായിട്ടാണ് വിവരം. 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ എത്തിച്ചേരുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍കര്‍ കാല്‍നടയായി കിലോമീറ്ററുകള്‍ നടന്നുപോകേണ്ട സ്ഥിതിയാണ് ഇവിടെ നേരിടുന്നത്. വിവിധ ജില്ലകളിലായി നൂറുകണക്കിന് വീടുകള്‍ പൂര്‍ണമായും ആയിരത്തോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു.മലപ്പുറം നാടുകാണിയില്‍ വീട് ഒലിച്ചുപോയി രണ്ട് സ്ത്രീകളെ കാണാതായി.കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഒറ്റപ്പെട്ട നിലമ്ബൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്താനായി ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍ഡിആര്‍എഫ്) എത്തി.

റോഡുകളില്‍ വെള്ളം കയറിയതിനാല്‍ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ആലപ്പുഴയില്‍ റെയില്‍പാളത്തില്‍ മരംവീണ് ഗതാഗതം തടസ്സപ്പെട്ടതിനാല്‍ രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളം ആലപ്പുഴ (56379), ആലപ്പുഴഎറണാകുളം പാസഞ്ചറുകളാണ് സര്‍വീസ് നിര്‍ത്തി വെയ്ക്കുന്നത്. നെടുമ്ബാശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചു. കൊച്ചി നെടുമ്ബാശേരി വിമാനത്താവളം ഞായറാഴ്ച വരെ അടക്കുന്നുവെന്ന് സിയാല്‍ വക്താവ് അറിയിച്ചു. മഴ മാറിയാല്‍ ഞായറാഴ്ച വൈകിട്ട് മൂന്നിനേ വിമാനത്താവളം തുറക്കൂ.വെള്ളം കയറിയതിനെ തുടര്‍ന്ന് സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. മറ്റു വിമാനങ്ങള്‍ വഴി തിരിച്ചുവിടുമെന്നാണ് അധികൃതര്‍ പറഞ്ഞിരിക്കുന്നത്. ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം , കൊല്ലം എന്നിവ ഒഴികെയുള്ള 12 ജില്ലകളില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

Previous ArticleNext Article