തിരുവനന്തപുരം: റോഡ് സുരക്ഷാ ആക്ഷന്‍ പ്ലാനിെന്റ ഭാഗമായി സംസ്ഥാനത്ത് ആഗസ്റ്റ് അഞ്ചുമുതല്‍ 31വരെ സംയുക്ത വാഹന പരിശോധന കര്‍ശനമായി നടത്തും.ഓരോ തീയതികളില്‍ ഓരോതരം നിയമലംഘനങ്ങള്‍ക്കെതിരെയാണ് പൊലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്ത പരിശോധനകള്‍ മറ്റ് വിഭാഗങ്ങളുടെകൂടി സഹകരണത്തോടെ നടപ്പാക്കുന്നത്.ആഗസ്റ്റ് അഞ്ചുമുതല്‍ ഏഴുവരെ സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ്, എട്ടുമുതല്‍ 10 വരെ അനധികൃത പാര്‍ക്കിങ്, 11 മുതല്‍ 13വരെ അമിതവേഗം (പ്രത്യേകിച്ച് സ്കൂള്‍ മേഖലയില്‍), 14 മുതല്‍ 16 വരെ മദ്യപിച്ചുള്ള വാഹനമോടിക്കലും ലൈന്‍ ട്രാഫിക്കും, 17 മുതല്‍ 19 വരെ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, 20 മുതല്‍ 23 വരെ സീബ്രാ ക്രോസിങ്ങും റെഡ് സിഗ്നല്‍ ജംപിങ്ങും, 24 മുതല്‍ 27 വരെ സ്പീഡ് ഗവേണറും ഓവര്‍ലോഡും, 28 മുതല്‍ 31 വരെ കൂളിങ് ഫിലിം, കോണ്‍ട്രാക്ട് കാര്യേജുകളിലെ അധികലൈറ്റുകളും മ്യൂസിക് സിസ്റ്റവും എന്നീ വിഭാഗങ്ങള്‍ തിരിച്ചാണ് പരിശോധന. പരിശോധനകളുടെ മേല്‍നോട്ടത്തിനായി സംസ്ഥാനതലത്തില്‍ ഐ.ജി ട്രാഫിക്കിനെ നോഡല്‍ ഓഫിസറായും ജോയന്റ് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍, പി.ഡബ്ല്യു.ഡി ചീഫ് എന്‍ജിനീയര്‍ (റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ്), ചീഫ് എന്‍ജിനീയര്‍ (എന്‍.എച്ച്), ആരോഗ്യ, വിദ്യാഭ്യാസവകുപ്പ് മേധാവികള്‍ അംഗങ്ങളുമായ കമ്മിറ്റിയും ജില്ലതലത്തില്‍ കലക്ടര്‍ ചെയര്‍മാനും ജില്ല പൊലീസ് സൂപ്രണ്ട് നോഡല്‍ ഓഫിസറായും റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ (റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ്), (എന്‍.എച്ച്) തുടങ്ങിയവര്‍ അംഗങ്ങളായും കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഈ കമ്മിറ്റികള്‍ ആഴ്ചതോറും നടപടികള്‍ അവലോകനം ചെയ്യും.