India, News

ഉന്നാവോ പീഡന കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു;രണ്ട് സ്ത്രീകള്‍ മരിച്ചു; അപകടത്തിന് പിന്നില്‍ എംഎല്‍എയെന്ന് പെണ്‍കുട്ടിയുടെ അമ്മ;സാധാരണ അപകടമെന്ന് പോലീസ്

keralanews unnao rape case survivor car accident two ladies died girls mother claims that mla is behind the accident police said it is a common accident

യു.പി:ബി.ജെ.പി എം.എല്‍.എ പ്രതിയായ ഉന്നാവോ പീഡന കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. പെണ്‍കുട്ടിയേയും അഭിഭാഷകനെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ മരിച്ചു. അപകടത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ റായ്ബറേലിക്കടുത്ത് വച്ചാണ് അപകടമുണ്ടായത്. റായ്ബറേലി ജില്ലാ ജയിലിലുള്ള അമ്മാവനെ സന്ദര്‍ശിക്കാനായി പോവുകയായിരുന്നു പെണ്‍കുട്ടിയും കുടുംബവും. ജയിലിന് 15 കി.മീ അകലെ വച്ച് ഇവര്‍ സഞ്ചരിച്ച കാറിന് നേരെ ട്രക്ക് വന്ന് ഇടിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവറെയും ഉടമയെയും പോലീസ് അറസ്റ്റ് ചെയ്തു.

അതേസമയം അപകടത്തില്‍ ഗൂഡാലോചന ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി.കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന എംഎല്‍എ തന്നെയാണ് മകള്‍ സഞ്ചരിച്ച വാഹനം അപകടപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു. 15 വയസ്സുകാരിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ വിചാരണ നേരിടുകയാണ് ബിജെപി എംപിയായ കുല്‍ദീപ് സെന്‍ഗാര്‍. 2017 ലാണ് ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. ജോലി അഭ്യര്‍ഥിച്ച് ഒരു ബന്ധുവിനൊപ്പം വീട്ടിലെത്തിയപ്പോള്‍ പീഡിപ്പിച്ചു എന്നാണ് കേസ്.

എന്നാൽ സംഭവം സാധാരണ അപകടമാണെന്നാണ് പോലീസ് പറയുന്നത്.പക്ഷെ ഇടിച്ച ലോറിയുടെ നമ്പർ പ്ലേറ്റ് കറുത്ത ചായം കൊണ്ട് മായ്ച്ചത് അന്വേഷിക്കുന്നുണ്ട്. ഡ്രൈവറെയും സഹായിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രഥമ ദൃഷ്ട്യാ അപകടമായാണ് തോന്നുന്നതെന്ന് പോലീസ് പറയുന്നു.പെണ്‍കുട്ടിക്ക് നല്‍കിയിരുന്ന സുരക്ഷ അപകടസമയത്തുണ്ടായില്ലെന്നതും അന്വേഷണ വിധേയമാക്കുന്നുണ്ട്. കാറില്‍ സ്ഥമില്ലാത്തതുകൊണ്ട് പെണ്‍കുട്ടി പറഞ്ഞതനുസരിച്ചാണ് സുരക്ഷ നല്‍കാതിരുന്നതെന്നാണ് പോലീസിന്റെ ന്യായീകരണം.

Previous ArticleNext Article