തിരുവനന്തപുരം:അമ്പൂരിയിൽ യുവതിയെ കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ കേസിൽ മുഖ്യപ്രതി അഖിൽ കുറ്റം സമ്മതിച്ചു.അമ്പൂരിയിലെ വീട്ടിലെത്തിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് അഖിലിന്റെ കുറ്റസമ്മതം.വിവാഹം സംബന്ധിച്ച വാക്കുതര്‍ക്കത്തിനൊടുവില്‍ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് അഖിൽ പറഞ്ഞു.സഹോദരന് രാഹുലും സുഹൃത്ത് ആദര്‍ശും കൊലപാതകത്തിന് സഹായിച്ചുവെന്നും അഖില്‍ പൊലീസിന് മൊഴി നല്കി.കീഴടങ്ങുകയാണെന്ന് പൊലീസിനെ അറിയിച്ചശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെയ്യാറ്റിൻകര ഡി.വൈ.എസ്.പി നടത്തിയ ചോദ്യം ചെയ്യലിലാണ് അഖിൽ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്.രണ്ടാംപ്രതിയും അഖിലിന്റെ സഹോദരനുമായ രാഹുല്‍ മലയിന്‍കീഴില്‍ നിന്ന് പിടിയിലായതോടെയാണ് ഡല്‍ഹിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അഖിലിന് കീഴടങ്ങാന്‍ സമ്മര്‍ദ്ദമേറിയത്. താനും അഖിലും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയതായി രാഹുലും കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കൊല്ലാനായി തന്നെയാണ് യുവതിയെ നെയ്യാറ്റിന്‍കരയില്‍ നിന്ന് കാറില്‍ കയറ്റിയത്. കാറില്‍ വച്ച് തര്‍ക്കമുണ്ടായപ്പോള്‍ അഖില്‍ യുവതിയെ കഴുത്ത് ഞെരിച്ച് ബോധംകെടുത്തി.വീട്ടിലെത്തിച്ച് കയര്‍ കഴുത്തില്‍ മുറുക്കി മരണം ഉറപ്പാക്കിയെന്നും രാഹുല്‍ പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. എന്നാല്‍ മൃതദേഹം മറവുചെയ്യാനുള്ള കുഴിയെടുക്കാന്‍ പ്രതികള്‍ക്കൊപ്പം അച്ഛനും ഉണ്ടായിരുന്നുവെന്ന് അയല്‍വാസികളടക്കം വെളിപ്പെടുത്തിയതോടെ ആസൂത്രണത്തില്‍ അച്ഛനും പങ്കുണ്ടോയെന്ന സംശയവും ഉയരുന്നുണ്ട്. ഇത് കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. പ്രതികളെ പ്രത്യേക അപേക്ഷ കൊടുത്ത് കസ്റ്റഡിയിൽ വാങ്ങി അമ്പൂരിയിലെ കൊല നടന്ന വീട്ടിലെത്തിച്ച തെളിവെടുപ്പ് നടത്താനാണ് പോലീസ് ശ്രമം.