India, News

ഇന്ത്യയ്ക്ക് അഭിമാന നിമിഷം;ചാന്ദ്രയാൻ 2 വിജയകരമായി വിക്ഷേപിച്ചു;ശാസ്ത്രജ്ഞർക്ക് അഭിനന്ദനവുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

keralanews proud moment for india chandrayan 2 launched successfully

ശ്രീഹരിക്കോട്ട:ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേഷണം ചന്ദ്രയാന്‍ വിജയകരമായി വിക്ഷേപിച്ചു. ഉച്ചയ്ക്ക് 2.43ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ചത്.വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂര്‍ നീണ്ട കൌണ്ട്ഡൌണ്‍ ഇന്നലെ വൈകിട്ട് 6.43ന് ആരംഭിച്ചിരുന്നു. കൌണ്ട്ഡൌണിന് പിന്നാലെ റോക്കറ്റില്‍ ഇന്ധനം നിറക്കുന്ന ജോലിയും ആരംഭിച്ചു. സാങ്കേതിക പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തി റിഹേഴ്സല്‍ ലോഞ്ചും നടന്നിരുന്നു.ചന്ദ്രനെ വലംവെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍(വിക്രം), പര്യവേക്ഷണം നടത്തുന്ന റോവര്‍ (പ്രഗ്യാന്‍) എന്നിവയടങ്ങിയതാണ് ചന്ദ്രയാന്‍-2. ‘ബാഹുബലി’ എന്ന വിളിപ്പേരും ഇതിനു നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ജൂലെ 15-ന് നടക്കേണ്ടിയിരുന്ന ചന്ദ്രയാന്‍-2ന്റെ വിക്ഷേപണം ഹീലിയം ചോര്‍ച്ചയെ തുടര്‍ന്ന്  ഇന്നത്തേക്ക് മാറ്റി വെയ്ക്കുകയായിരുന്നു.

അതേസമയം ഇന്ത്യയുടെ ചരിത്ര നേട്ടമായ ചന്ദ്രയാന്‍ 2 വിജയകരമായി വിക്ഷേപിച്ച ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും.ശ്രീഹരിക്കോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ 2ന്റെ ചരിത്രപരമായ വിക്ഷേപണം എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനകരമായ നിമിഷമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നുവെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു. പുതിയ സാങ്കേതിക വിദ്യകളില്‍ പ്രാവീണ്യം നേടുന്നതും പുതിയ അതിര്‍ത്തികള്‍ കീഴടക്കുന്നതും ഐഎസ്‌ആര്‍ഒ തുടരട്ടെയെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.ഇത് അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തു. ഓരോ ഇന്ത്യക്കാരും ഇന്ന് അഭിമാനിക്കുന്നു. ഈ ദൗത്യം ചന്ദ്രനെ കുറിച്ചുള്ള കൂടുതല്‍ അറിവ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ശാസ്ത്രജ്ഞരെയും മോദി അഭിനന്ദിച്ചു.

Previous ArticleNext Article