India, News

കർണാടകയിൽ പ്രതിസന്ധി തുടരുന്നു;മുംബൈയില്‍ എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലിനു പുറത്ത് ഡി കെ ശിവകുമാറിനെ തടഞ്ഞു

keralanews crisis continues in karnataka police blocked d k shivakumar outside the hotel

മുംബൈ:കര്‍ണാടക ഭരണം പിടിക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ പൊളിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം ഭരണസ്വാധീനമുപയോഗിച്ച്‌ തടയാന്‍ നീക്കം.വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ഹോട്ടലിന് പുറത്ത് പോലീസ് തടഞ്ഞു. വിമത എംഎല്‍എമാര്‍ സംരക്ഷണമാവശ്യപ്പെട്ട് കത്ത് നല്‍കിയതിനാലാണ് തടയുന്നതെന്ന് പോലിസ് അവകാശപ്പെട്ടു. ശിവകുമാര്‍ മടങ്ങിപ്പോവണമെന്ന് ആവശ്യപ്പെട്ട ബിജെപി പ്രവര്‍ത്തകരും ഹോട്ടല്‍ ഗെയ്റ്റിലെത്തിയിരുന്നു.കഴിഞ്ഞ ദിവസം രാത്രിയാണ് ശിവകുമാറില്‍ നിന്നും കര്‍ണാടക മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമിയില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് പത്തോളം എംഎല്‍എമാര്‍ മുംബൈ പോലിസ് മേധാവിക്ക് കത്തെഴുതിയത്.തങ്ങളെ തിരിച്ചുകൊണ്ടുപോവാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ്, ജനതാദള്‍ നേതാക്കള്‍ ഹോട്ടലിലേക്ക് അതിക്രമിച്ചു കയറുമെന്നും അവരെ തടയണമെന്നുമായിരുന്നു ആവശ്യം. കത്ത് കിട്ടിയ ഉടനെ തന്നെ പോലിസ് ഹോട്ടലിന് ചുറ്റും കനത്ത സുരക്ഷ ഒരുക്കുകയായിരുന്നു. 100ലേറെ പോലിസുകാരെയാണ് ഇവിടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. അതേസമയം, താന്‍ മുംബൈയിലെത്തിയത്‌ പാര്‍ട്ടിയിലെ സുഹൃത്തുക്കളെ കാണാനാണെന്നും, ഹോട്ടലില്‍ താന്‍ റൂം ബുക്ക് ചെയ്‌തിട്ടുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു. ഒരുമിച്ചാണ് തങ്ങള്‍ രാഷ്ട്രീയത്തിലേക്ക് വന്നത്. രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുന്നതും ഒരുമിച്ചായിരിക്കുമെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു. മുംബൈ പൊലീസ് അവരുടെ ജോലി ചെയ്യട്ടേയെന്നും അദ്ദേഹം വ്യക്തമാക്കി.കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസിലെ പ്രശ്‌ന പരിഹാര വിദഗ്ധനുമായ ശിവകുമാര്‍ ഇന്ന് രാവിലെയാണ് മുംബൈയിലെത്തിയത്. എംഎല്‍എമാരെ കാണാതെ മടങ്ങില്ലെന്ന നിലപാടിലാണ് അദ്ദേഹം. ഹോട്ടല്‍ മുറിയില്‍ തങ്ങുന്ന വിമത എംഎല്‍എമാരെ ഫോണില്‍ ബന്ധപ്പെടാനും അദ്ദേഹം ശ്രമം നടത്തി.

Previous ArticleNext Article