ന്യൂഡൽഹി:പൊതുവഴികളിലൂടെ പോകുന്ന സ്വകാര്യ വാഹനവും ‘പൊതുസ്ഥലമായി’ കണക്കാക്കുമെന്ന് സുപ്രീം കോടതി.മദ്യപിച്ചതിനു പിടിയിലായ കാര്‍ യാത്രികന്റെ അപ്പീല്‍ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്. പൊതുസ്ഥലത്ത് അനുവദനീയമല്ലാത്തതൊന്നും സ്വകാര്യ വാഹനത്തിലും പാടില്ലെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് കെ.എം. ജോസഫ് എന്നിവരടങ്ങുന്ന സുപ്രിംകോടതി ബെഞ്ച് ഉത്തരവിട്ടു.പൊതുനിരത്തിലെ സ്വകാര്യവാഹനത്തെ സ്വകാര്യ ഇടമായി പരിഗണിക്കാമെന്ന 1999 ലെ കേരള ഹൈക്കോടതി വിധി ദുര്‍ബലപ്പെടുത്തുന്നതാണ് പുതിയ സുപ്രീം കോടതി വിധി.ജാര്‍ഖണ്ഡില്‍ നിന്നു ബിഹാറിലേക്കു സ്വന്തം കാറില്‍ വരുംവഴി മദ്യപിച്ച നിലയില്‍ അറസ്റ്റിലായി കുറ്റം ചുമത്തപ്പെട്ട സത്‌വീന്ദര്‍ സിംഗ് എന്നയാള്‍ പട്‌ന ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. 2016 ലെ ബിഹാര്‍ എക്‌സൈസ് ഭേദഗതി നിയമപ്രകാരം പൊതുനിരത്തിലോടുന്ന സ്വകാര്യവാഹനം പൊതുസ്ഥലത്തിന്റെ പരിധിയില്‍ വരുമെന്നു കോടതി പറഞ്ഞു. അതുകൊണ്ട് തന്നെ ഇനി പൊതു നിരത്തിലെ സ്വകാര്യ വാഹനങ്ങളിലെ വെള്ളമടിയും കുറ്റമായി മാറും.