കണ്ണൂർ:നഗരമധ്യത്തിലെ ബഹുനിലകെട്ടിടത്തിന്റെ ലിഫ്റ്റിൽ കുടുങ്ങിയ യുവാക്കളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ സെൻട്രൽ പ്ലാസ കെട്ടിടത്തിൽ ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവം.തോട്ടട സ്വദേശികളായ പ്രസിദ്ധ്,പ്രണവ്,ചെറുകുന്ന് സ്വദേശികളായ അക്ഷയ്,നിതീഷ് എന്നിവരാണ് ലിഫ്റ്റിൽ കുടുങ്ങിയത്.കെട്ടിടത്തിന്റെ രണ്ടാം നിലയ്ക്കും മൂന്നാം നിലയ്ക്കും ഇടയിലാണ് ഇവർ കുടുങ്ങിയത്.കെട്ടിടത്തിലെ ജീവനക്കാർ ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഹൈഡ്രോളിക് സ്പൈഡർ എന്ന ഉപകരണമുപയോഗിച്ച് ലിഫ്റ്റിന്റെ വാതിൽ തുറന്ന് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. പുറത്തെത്തിക്കുമ്പോൾ ശ്വാസതടസം അനുഭവപ്പെട്ട് നേരിയതോതിൽ അവശനിലയിലായിരുന്നു യുവാക്കൾ.സ്റ്റേഷൻ ഓഫീസർ കെ.വി ലക്ഷ്മണൻ,അസി.സ്റ്റേഷൻ ഓഫീസർ ടി.അജയൻ,ലീഡിങ് ഫയർമാൻ കെ.കെ ദിലീഷ്,ഫയർമാന്മാരായ സി.വിനീഷ്, കെ.നിജിൽ,.എം.സുനീഷ്,ഡ്രൈവർമാരായ കെ.രാധാകൃഷ്ണൻ,അരുൺരാജ്,ഹോം ഗാർഡ് സി.രവീന്ദ്രൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.