India, News

മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നു;ഡാം തകർന്ന് രണ്ടുപേർ മരിച്ചു;22 പേരെ കാണാതായി

keralanews heavy rain continues in maharashtra two died when dam breached and 22 missing

മുംബൈ : മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നു.വരുന്ന രണ്ട് ദിനം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ശക്തമായ മഴ തുടരുന്ന മഹാരാഷ്ട്രയില്‍ രണ്ട് ദിവസത്തേക്ക് കൂടി ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്.ജാഗ്രത നിര്‍ദേശത്തെതുടര്‍ന്ന്‌ ഇന്നുകൂടി സംസ്ഥാന സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.അതിനിടെ രത്നഗിരിയില്‍ തിവാരെ അണക്കെട്ട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു22  ഓളം പേരെ കാണാതായി.15 വീടുകള്‍ ഒഴുകിപ്പോയി.അണക്കെട്ട് പൊട്ടിയതിനെ തുടര്‍ന്ന് സമീപത്തെ ഏഴ് ഗ്രാമങ്ങളില്‍ വെളളപ്പൊക്കമുണ്ടായി.രാത്രി 10 മണിയോടെ അണക്കെട്ട് തകര്‍ന്ന് വെള്ളം അണക്കെട്ടിന് സമീപമുള്ള ചിപ്ലുന്‍ താലൂക്കിലെ ജനവാസ മേഖലയിലേക്ക് ഇരച്ചു കയറുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് മൃതദേഹങ്ങള്‍ ലഭിച്ചത്.കനത്ത മഴയില്‍ ഇന്നലെ 35 പേരാണ് മരിച്ചത്. മുംബൈ നഗരവും താനെ, പല്‍ഘര്‍ മേഖലകളും വെള്ളത്തില്‍ മുങ്ങി.ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. 203ലെറെ വിമാനസര്‍വീസുകള്‍ ഇന്നലെ റദ്ദാക്കി. താഴ്ന്ന പ്രദേശങ്ങളായ കുര്‍ള, ദാദര്‍, സയണ്‍, ഘാഡ്കോപ്പര്‍, മലാഡ്, അന്ധേരി എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.1500 ലേറെ പേര്‍ ദുരിതാശ്വാസ ക്യാമ്ബുകളിലാണ്‌. വിദ്യാലയങ്ങളെല്ലാം അടഞ്ഞ് കിടക്കുകയാണ്. ഗ്രാമങ്ങള്‍ പലതും ഒറ്റപ്പെട്ടു. വെള്ളം കടലിലേക്ക് പമ്പ് ചെയ്യാനുള്ള ശ്രമം നടത്തുന്നുണ്ട്. ഭക്ഷണവും വെള്ളവുമടക്കമുള്ളവ എത്തിക്കാനുള്ള സൌകര്യങ്ങള്‍ ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചു.മഴ മൂലമുള്ള അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സുരക്ഷ സര്‍ക്കുലര്‍ ഇറക്കി. ജനങ്ങളെ സഹായിക്കുന്നതിലെ ഫഡ്നാവിസ് സര്‍ക്കാരിന്റെ അലംഭാവമാണ് പ്രശ്നം രൂക്ഷമാക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.

Previous ArticleNext Article