മുംബൈ:വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ ബിനോയി കോടിയേരിയെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് മുംബൈ കോടതി.ദിന്‍ദോഷി കോടതിയാണ് ബിനോയിയുടെ അറസ്റ്റ് തടഞ്ഞത്. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും കോടതി തിങ്കളാഴ്ച വിധിപറയും.അതേസമയം, പരാതിക്കാരിക്ക് സ്വകാര്യ അഭിഭാഷകനെ നിയമിക്കാമെന്ന് കോടതി അറിയിച്ചു.ഇരുഭാഗത്തിന്റേയും ശക്തമായ വാദങ്ങളാണ് കോടതിയില്‍ ഉയര്‍ന്നത്. കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ യുവതിക്കായി പ്രത്യേക അഭിഭാഷകന്‍ ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കാന്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ അനുവദിക്കണമെന്ന് യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ അഭ്യര്‍ഥിച്ചു. എന്നാല്‍, ഇതിനെ ബിനോയിയുടെ അഭിഭാഷകന്‍ എതിര്‍ത്തു. കേസ് നീട്ടിക്കൊണ്ട് പോകാനുള്ള തന്ത്രമാണ് ഇതെന്നാണ് ബിനോയിയുടെ അഭിഭാഷകന്‍ ആരോപിച്ചത്. ഇതോടെയാണ് വാദങ്ങള്‍ എഴുതി നല്‍കാം പക്ഷെ വാദം നടത്താനാകില്ലെന്ന് കോടതി പറഞ്ഞത്. എഴുതി നല്‍കിയ വാദങ്ങള്‍ പരിശോധിക്കേണ്ടതുള്ളതിനാല്‍ ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റിയ്ക്കുകയാണെന്ന് കോടതി വ്യക്തമാക്കി.
അതേസമയം ബിനോയ് കോടിയേരിക്കെതിരെ പീഡന പരാതിയില്‍ യുവതി പുതിയ തെളിവുകള്‍ പുറത്തുവിട്ടു.തനിക്കും കുട്ടിക്കും ദുബായിയിലേക്ക് പോകാൻ ബിനോയ് വിസ അയച്ചതിന്റെ രേഖകളാണ് യുവതി പുറത്തുവിട്ടത്. സ്വന്തം ഇമെയില്‍ ഐഡിയില്‍ നിന്നാണ് ബിനോയ് യുവതിക്ക് ടൂറിസ്റ്റ് വിസ അയച്ച് നല്‍കിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. യുവതിയുടെ ബിസിനസ് മെയില്‍ ഐഡിയിലേക്കാണ് വിസ അയച്ചത്. 2015 ഏപ്രില്‍ 21നാണ് ബിനോയ് വിസ അയച്ച് നല്‍കിയത്. വിസയ്ക്കൊപ്പം ദുബായ് സന്ദര്‍ശിക്കാന്‍ വിമാന ടിക്കറ്റുകളും ഇ-മെയില്‍ വഴി അയച്ച് നല്‍കിയിട്ടുണ്ട്.കോടിയേരി ബാലകൃഷ്ണന്‍ മുന്‍ മന്ത്രിയാണെന്ന വിവരം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രതി മറച്ചുവെച്ചു എന്നും യുവതി ആരോപിക്കുന്നു. ബിനോയ് ദുബായില്‍ പ്രതിയായ ക്രിമിനല്‍ കേസുകളുടെ വിവരവും അപേക്ഷയില്‍ മറച്ചുവെച്ചെന്നും യുവതി കോടതിയെ അറിയിച്ചു. മകനെ തട്ടിക്കൊണ്ട് പോകുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയ ബിനോയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും യുവതി ആവശ്യപ്പെടുന്നു.