മുംബൈ: യുവതിയുടെ പീഡന പരാതിയിൽ അറസ്റ്റ് തടയാൻ ബിനോയ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ മുംബൈ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് അഡീഷണൽ സെഷൻസ് ജഡ്ജ് എം എച്ച് ഷെയ്ക്ക് ഹർജി പരിഗണിക്കുക.കേസിൽ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗം കോടതിയിൽ വാദിച്ചത്. 2009 മുതൽ 2015 വരെ ബിനോയ്ക്കൊപ്പം ഭാര്യാഭർത്താക്കന്മാരെ പോലെ ജീവിച്ചെന്ന് യുവതി പറയുമ്പോൾ എങ്ങനെയാണ് ബലാത്സംഗക്കുറ്റം നിലനിൽക്കുക എന്നാണ് പ്രതിഭാഗം അഭിഭാഷകൻ അശോക് ഗുപ്ത വാദിച്ചത്. അതേസമയം വിവാഹവാഗ്ദാനം നൽകി ലൈംഗിക ചൂഷണം നടത്തുന്നത് പീഡനത്തിന്റെ പരിധിയിൽ വരുന്ന കുറ്റമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.കോടതി ഉത്തരവിന് ശേഷമാകും കേസിൽ തുടർ നടപടി സ്വീകരിക്കുക എന്ന് മുംബൈ പൊലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് ദിവസമായി ബിനോയ് ഒളിവിലാണ്. ഇതിനിടെ, ബിനോയ് കോടിയേരിക്കെതിരെ പരാതിക്കാരിയുടെ കുടുംബം കൂടുതൽ രേഖകൾ പുറത്തുവിട്ടിട്ടുണ്ട്. യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബിനോയ് ലക്ഷങ്ങൾ അയച്ചതിന്റെ രേഖകളാണ് കുടുംബം പുറത്തുവിട്ടത്. ഐസിഐസിഐ ബാങ്കിന്റെ അന്ധേരി വെസ്റ്റ് ശാഖയിലെ യുവതിയുടെ അക്കൗണ്ടിലേക്ക് നാല് ലക്ഷം, ഒരുലക്ഷം, അമ്പതിനായിരം എന്നിങ്ങനെ പലതവണകളായി ബിനോയ് പണം അയച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. യുവതിയുടെ പാസ്പോർട്ടിൽ ഭർത്താവിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പാസ്പോർട്ടിന്റെ പകർപ്പും പുറത്തുവന്നിട്ടുണ്ട്.