ന്യൂഡൽഹി:കേരളത്തിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയതായി സ്ഥിരീകരണം. കേരളത്തിൽ നിന്ന് ശേഖരിച്ച വവ്വാലുകളുടെ 36 സാമ്പിളുകളിൽ 16 സാമ്പിളുകളിലും നിപ വൈറസ് കണ്ടെത്തി.കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധൻ ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്.പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് വവ്വാലുകളിലെ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. കേരളത്തിൽ തുടര്‍ച്ചയായി രണ്ട് വര്‍ഷം മനുഷ്യരിലേയ്ക്ക് പകര്‍ന്ന വൈറസിന്‍റെ ഉറവിടം ഏതെന്ന കാര്യത്തിൽ വ്യക്തത വരുത്തുന്നതാണ് പരിശോധനാഫലം.കേരളം ഉള്‍പ്പെടുന്ന ഉഷ്ണമേഖലാ പ്രദേശങ്ങളിൽ സുലഭമായി കാണുന്ന പഴന്തീനി വവ്വാലുകളാണ് നിപ വൈറസുകളുടെ സ്വാഭാവിക വാസസ്ഥലമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. വൈറസ് വവ്വാലുകളിൽ നിന്ന് നേരിട്ട് മനുഷ്യരിലേയ്ക്കോ വവ്വാലുകളിൽ നിന്ന് മറ്റു മൃഗങ്ങളിലേയ്ക്ക് പടര്‍ന്ന ശേഷം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേയ്ക്കോ പകരാം. വവ്വാൽ പാതി ഭക്ഷിച്ച പഴങ്ങള്‍ ഭക്ഷിക്കുന്നതിലൂടെയോ വൈറസ് ബാധയേൽക്കാം.2018 ല്‍ നിപ വൈറസ് ബാധയുണ്ടായ സമയത്ത് 52 വവ്വാലുകളില്‍നിന്ന് സാമ്പിള്‍ ശേഖരിച്ചിരുന്നു. ഇവയില്‍ പത്തെണ്ണത്തിലും വൈറസ് സാന്നിധ്യം കണ്ടെത്തിയതായും മന്ത്രി അറിയിച്ചു. 2018 ല്‍ കേരളത്തിലെ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്നായി 19 കേസുകളും 17 മരണങ്ങളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു.