കണ്ണൂർ:കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ പിരിവെടുത്ത് ടി.വി സ്ഥാപിച്ച സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ.ഡെപ്യൂട്ടി ജയിൽ സൂപ്രണ്ട് കെ.വിനോദൻ,ഡെപ്യൂട്ടി പ്രിസൺ ഓഫീസർ വി.ടി.കെ രവീന്ദ്രൻ,അസി.പ്രിസൺ ഓഫീസർ എം.കെ ബൈജു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.അച്ചടക്ക ലംഘനത്തിന് കൂട്ടുനിന്നതിനാണ് മൂവരെയും ജയിൽ ഡിജിപി ഋഷിരാജ് സിങ് സസ്‌പെൻഡ് ചെയ്തത്.സെൻട്രൽ ജയിലിലെ സൂപ്രണ്ടിന്റെ അനുമതിയില്ലാതെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തടവുകാരുടെ വേതനത്തിൽ നിന്നും പിരിവെടുത്ത് 2018 മാർച്ച് 27 നാണ് ജയിലിൽ ടി.വി വാങ്ങിയത്.സൂപ്രണ്ടിന്റെ അനുമതിയില്ലാതെ ജയിലിനകത്ത് ടി.വി കയറ്റാൻ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന എം.കെ ബൈജുവും ഗേറ്റ് കീപ്പറുടെ ചുമതലയുണ്ടായിരുന്ന വി.ടി.കെ രവീന്ദ്രനും സൗകര്യമൊരുക്കിയെന്നാണ് കണ്ടെത്തൽ.ഇതിനെല്ലാം ഡെപ്യൂട്ടി സൂപ്രണ്ട് വിനോദിന്റെ സഹായവുമുണ്ടായിരുന്നു.സംഭവത്തെ കുറിച്ചുള്ള വാർത്ത മാധ്യമങ്ങളിൽ വന്നതോടെ ടി.വി അവിടെനിന്നും മാറ്റി അന്വേഷണം പ്രഖ്യാപിച്ചു.ജയിൽ ഡിഐജി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും പിന്നീട് നടപടികളൊന്നും ഉണ്ടായില്ല.ഋഷിരാജ് സിങ് ജയിൽ മേധാവിയായി എത്തിയതോടെ ജയിലുകളിലെ അച്ചടക്കവുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും പരിശോധിച്ചാണ് നടപടി പ്രഖ്യാപിച്ചത്.