മാഞ്ചസ്റ്റര്‍:ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ആവേശപ്പോരാട്ടം ഇന്ന് നടക്കും.വൈകീട്ട് മൂന്നിന് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡിലാണ് മത്സരം. ലോകകപ്പില്‍ ഇത് ഏഴാം തവണയാണ് ഇരുടീമും നേര്‍ക്കുനേര്‍ വരുന്നത്.ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിയയെയും തോല്‍പ്പിച്ചാണ് കോലിപ്പട മാഞ്ചസ്റ്ററിലേക്കെത്തുന്നത്. മൂന്ന് മത്സരങ്ങള്‍ കളിച്ച ഇന്ത്യയുടെ ന്യുസീലന്‍ഡിനെതിരായ പോര് മഴ കാരണം ഉപേക്ഷിച്ചിരുന്നു. അഞ്ച് പോയിന്‍റുള്ള ഇന്ത്യ നാലാമതും നാല് കളിയിൽ മൂന്ന് പോയിന്‍റുള്ള പാകിസ്ഥാന്‍ നിലവില്‍ ഒന്‍പതാം സ്ഥാനത്തുമാണ്.ലോകകപ്പുകളില്‍ നേര്‍ക്കുനേര്‍ വന്ന ആറ് മത്സരങ്ങളിലും ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചിരുന്നു.ഇത്തവണയും പാകിസ്താന് മത്സരം വിട്ടുകൊടുക്കാന്‍ വിരാട് കോഹ്‍ലിയും കൂട്ടരും തയ്യാറല്ല.രോഹിതും കോഹ്‍ലിയും ധോണിയുമെല്ലാം പാക് ബൌളര്‍മാരെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ്. ഭുവനേശ്വറും ബുംറയും പാക് നിരയെ തകര്‍ക്കാന്‍ പോന്നവര്‍ തന്നെ.മറുവശത്ത് ഒരു ചരിത്ര ജയം തേടിയാണ് സര്‍ഫ്രാസ് അഹമ്മദും സംഘവും ഇറങ്ങുന്നത്. ലോകകപ്പില്‍ ഇന്ത്യക്കെതിരായ ജയം ഒരു ലോകകപ്പ് നേട്ടത്തോളം വലുതാണ് അവര്‍ക്ക്.മഴ വില്ലനാകിങ്കില്‍ ഓള്‍ഡ് ട്രാഫോഡില്‍ തീപാറും മത്സരം കാണാം.